മുക്കം: വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ നേട്ടമുണ്ടാക്കിയ വരും സന്തോഷവും സംതൃപ്തിയും ലഭിച്ചവരും ഏറെയുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ മുതലാക്കിയത് പോക്കററടിക്കാർ.ലക്ഷങ്ങളാണ് ഇവർ ചുരുങ്ങിയ സമയത്തിനകം പലരുടെയും പോക്കറ്റുകളിൽ നിന്ന് സ്വന്തം പോക്കറ്റിലാക്കിയത്. കോഴിക്കോടു ജില്ലയിൽ ഈങ്ങാപ്പഴയിലെ സ്വീകരണവും റോഡ് ഷോയും കഴിഞ്ഞ് രണ്ടാമത്തെ കേന്ദ്രമായ മുക്കത്തെത്തിയപ്പോൾ 12 മണിയായി.ഇതിനിടെ ഇവിടെ നുറുകണക്കിലാളുകൾ തടിച്ചുകൂടി.പൊലീസിന്റെ നിർദ്ദേശങ്ങളും റോഡരുകിൽ കെട്ടിപ്പൊക്കിയ ബാരിക്കേഡുമൊന്നും ഗൗനിക്കാതെയാണ് പാർട്ടി പതാകകളുമായി യുഡിഎഫ് പ്രവർത്തകർ വാഹനങ്ങളിലും അല്ലാതെയും റോഡിൽ തലങ്ങും വിലങ്ങും "ഷോ " കാണിച്ചത്. മുക്കത്ത് നേരത്തെ അഗ്നി രക്ഷാനിലയമായിരുന്ന കെട്ടിടത്തിന്റെ പരിസരത്തുവച്ചാണ് രാഹുലും മറ്റു നേതാക്കളും തുറന്ന വാഹനത്തിൽ കയറി റോഡ് ഷോ ആരംഭിച്ചത്.ഈ സമയം ആവേശം മൂത്ത അനുയായികൾ വിലക്കുകളെല്ലാം ലംഘിച്ച് തിക്കും തിരക്കുമുണ്ടാക്കിയതാണ് പോക്കറ്റടിക്കാർക്ക് ചാകരയ്ക്ക് അവസരമൊരുക്കിയത്. ഒറ്റയടിക്ക് 15 ആളുകളുടെ പോക്കറ്റാണ് ഇതിനിടെ കാലിയായത്. പണം മാത്രമല്ല എ ടി എം കാർഡും ലൈസൻസും ഉൾപെടെയുള്ള രേഖകളാണ് പലർക്കും നഷ്ടപ്പെട്ടത്.ഇങ്ങനെ പോക്കറ്റ് കാലിയായവരിൽ വിവിധ പാർടികളുടെ ഭാരവാഹികളും നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടും. മുക്കം നഗരസഭ കൗൺസിലർ റഹമത്തിന്റെ ഭർത്താവ് വി ടി ബുഷൈർ, പഞ്ചായത്തംഗമായിരുന്ന ആമിനയുടെ ഭർത്താവ് മുഹമ്മദ്, മുക്കം ബാങ്ക് ഡയരക്ടർ മുനീർ എന്നിവർ പണം നഷ്ടമായവരിൽ പെടും.മുക്കത്തുമാത്രമല്ല മറ്റു സ്വീകരണ കേന്ദ്രങ്ങളിലും പോക്കറ്റടിക്കാർ വിലസിയതായാണ് വിവരം .