train-18

കോഴിക്കോട്: രാവിലെ ഒൻപതിന് തിരുവനന്തപുരത്ത് കാപ്പികുടി; ഉച്ചയൂണ് ഒരു മണിക്ക് കാസർകോട്ട്! എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നമെന്ന് എഴുതിത്തള്ളേണ്ട. 531 കിലോമീറ്റർ തെക്കുവടക്ക് ദൂരം നാലു മണിക്കൂറിൽ പിന്നിടുന്ന സെമി ഹൈസ്‌പീഡ് റെയിൽവേ ലൈനിനുള്ള അകാശസർവേ ഉടനെ തുടങ്ങും.

വിമാനമോ ഹെലികോപ്ടറോ ഉപയോഗിച്ചാണ് എരിയൽ സർവേ നടത്തേണ്ടത്. കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ഇതിന് ടെൻഡർ ക്ഷണിച്ചിരുന്നു. നിർദ്ദിഷ്‌ട തീയതിക്കകം അപേക്ഷിച്ചത് രണ്ടു സ്ഥാപനങ്ങൾ മാത്രം. സർവേയ്‌ക്കുള്ള ടെൻ‌ഡർ തുക 2.75 കോടി രൂപയാണ്. രണ്ടു സ്ഥാപനങ്ങളുമായി ചർച്ച നടത്തി തീരുമാനമെടുക്കും.

പദ്ധതിക്ക് പ്രതീക്ഷിക്കുന്ന തുക 56,433 കോടി. ഭീമമായ മുതൽമുടക്ക് വേണ്ട പദ്ധതി ലാഭകരമാകുമോ എന്ന് പരിശോധിക്കാൻ നിയോഗിച്ച പാരീസ് ആസ്ഥാനമായുള്ള സിസ്ട്ര എന്ന സ്ഥാപനം അനുകൂല റിപ്പോർട്ടാണ് നൽകിയത്. തുടർനടപടികളുമായി മുന്നോട്ടു പോകാനുള്ള തീരുമാനം അതിനു ശേഷമായിരുന്നു. വിശദമായ പദ്ധതി രൂപരേഖ ഒക്‌ടോബറിൽ തയ്യാറാകും.

ഇപ്പോൾ 12 മുതൽ 14 മണിക്കൂ‌‌ർ വരെ വേണ്ടിവരുന്ന യാത്രാദൂരം നാലു മണിക്കൂറിൽ പിന്നിടുന്ന റെയിൽ പദ്ധതി യാഥാർത്ഥ്യമായാൽ റോഡ് യാത്രയിൽ 21 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്ക്. തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ നിന്നാണ് നിർദ്ദിഷ്‌ട പാതയുടെ തുടക്കം. പത്ത് സ്റ്റേഷനുകൾ. കാസർകോട് എത്തുന്നതിനു മുമ്പ് കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, നെടുമ്പാശേരി എയർപോർട്ട്,തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്.

മണിക്കൂറിൽ 180 കിലോമീറ്റർ ആണ് അതിവേഗ പാതയിൽ ട്രെയിനിന്റെ വേഗത. സംസ്ഥാന സർക്കാറും റെയിൽവേയും ചേർന്നുള്ള സംരംഭമായ കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷന്റെ ചുമതലയിലുള്ള പദ്ധതിയിൽ സംസ്ഥാനത്തിന്റെ ഓഹരി വിഹിതം 51 ശതമാനമാണ്. പദ്ധതിക്ക് വേണ്ടുന്ന ആകെ തുകയിൽ 34,000 കോടി ജപ്പാൻ രാജ്യാന്തര സഹകരണ ഏജൻസിയിൽ (ജിക്ക) നിന്ന് കടമെടുക്കും.

.