കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും സംസ്ഥാന വ്യാപകമായി നാളെ സൂചനാ പണിമുടക്ക് നടത്തും. ആദ്യഘട്ടമെന്ന നിലയിൽ അന്ന് ഒ പിയും കിടത്തി ചികിൽസയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗം, ഐ.സി.യു, ലേബർ റൂം, എമർജൻസി, ഓപ്പറേഷൻ തിയറ്റർ എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂൺ 20 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. പി ജി ഡോക്ടർമാരുടെ സംഘടനയായ കേരള മെഡിക്കൽ പി.ജി അസോസിയേഷനും (കെ .എം .പി.ജി.എ) ഹൗസ് സർജന്മാരുടെ സംഘടനുമായ കേരള ഹൗസ് സർജൻസ് അസോസിയേഷനും (കെ. എച്ച്. എസ് എ) മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കോളേജ് പ്രിൻസിപ്പളിനും നോട്ടീസ് നൽകിയിട്ടുണ്ട് . പി.ജി ഡോക്ടർമാരുടെ സ്റ്റൈപ്പന്റ് 43,000 ൽ നിന്ന് 50,000ലേക്കും ഹൗസ് സർജന്മാരുടേത് 20,000 ൽ നിന്ന് 25,000 ഉം ആയി വർദ്ധിപ്പിക്കണമെന്നാണ് സമരക്കാർ ഉന്നയിച്ചിരിക്കുന്നത്.
2015 നുശേഷം പിജി ഡോക്ടർമാരുടേയും ഹൗസ് സർജന്മാരുടേയും സ്റ്റൈപ്പന്റ് വർദ്ധിപ്പിച്ചിട്ടില്ല. 2 018 മാർച്ച് മുതൽ ഈ വിഷയത്തിൽ സംഘടനാ ഭാരവാഹികൾ സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണ്. അനുകൂലമായ തീരുമാനം ഉണ്ടാകാത്തത്കൊണ്ടാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.