മാനന്തവാടി: കഴിഞ്ഞ പ്രളയകാലത്ത് വയനാട് ജില്ലയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു കീഴിലെ 1107 കിലോമീറ്റർ റോഡുകളാണ് തകർതന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിയമസഭയിൽ പറഞ്ഞു. മാനന്തവാടി എം.എൽ.എ ഒ.ആർ കേളുവിന്റെ ചോദ്യത്തിന് മറുപടിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഗ്രാമ പഞ്ചായത്തിന് കീഴിൽ 809.367 കിലോമീറ്റർ റോഡുകളും, നഗരസഭാ പരിധിയിൽ 154.22 കിലോമീറ്ററും, ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 144.33 കിലോമീറ്റർ റോഡുകളുമാണ് തകർന്നത്.
മാനന്തവാടി നഗരസഭയ്ക്ക് കീഴിൽ മാത്രം 106.75 കിലോമീറ്ററും,ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ 90.33 കിലോമീറ്റർ റോഡും തകർന്നു. കൽപ്പറ്റ നഗരസഭയ്ക്ക് കീഴിൽ 14.572 കി.മി റോഡും, ബ്ലോക്കിന് കീഴിൽ 54 കിലോമീറ്ററും സുൽത്താൻബത്തേരി നഗരസഭയ്ക്ക് കീഴിലെ 32.9 കി.മീ റോഡും തകർന്നവയിൽപ്പെടും. പഞ്ചായത്ത് തലത്തിൽ വൈത്തിരി (50 കി.മി) വെങ്ങപ്പള്ളി (1.5 കി.മി) വെള്ളമുണ്ട (28.2 കി.മി) തൊണ്ടർനാട് (18.2 കി.മി) തിരുനെല്ലി (53.7 കി.മി) തവിഞ്ഞാൽ (135 കി.മി) തരിയോട് (65 കി.മി) പുൽപ്പള്ളി (15 കി.മി) പൊഴുതന (59 കി.മി) പനമരം (90 കി.മി) പടിഞ്ഞാറത്തറ (22.9 കി.മി) നെന്മേനി (27.5 കി.മി ) മുട്ടിൽ (14.6 കി.മി) മൂപ്പൈനാട് (64 കി.മി) മേപ്പാടി (18.3 കി.മി മീനങ്ങാടി (33 കി.മി) കോട്ടത്തറ (19 കി.മി) കണിയാമ്പറ്റ (4 കി.മി) എടവക (69.85 കി.മി) അമ്പലവയൽ (20.52) എന്നിങ്ങനെയാണ് തകർന്നത്. തകർന്ന റോഡുകളുടെ പുനർനിർമാണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും ദുരന്തബാധിത പ്രദേശങ്ങളിൽ പ്രത്യേക പദ്ധതി മുഖേനയും മറ്റുള്ള സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തിയും പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.