കോഴിക്കോട് : നിപ കാലത്ത് ഐസൊലേഷൻ വാർഡിൽ ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി നടക്കുന്ന സമരത്തോടുള്ള സർക്കാറിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ സമരപ്പന്തലിനു മുന്നിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. സമരം 17 ദിവസം പിന്നിട്ടിട്ടും നടപടികൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിലാണ് സമരക്കാർ ചൂട്ടുമായി രംഗത്ത് ഇറങ്ങിയത്. പ്രതിഷേധം മുൻ എം.എൽ .എ യു .സി രാമൻ ഉദ്ഘാടനം ചെയ്തു. ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാനുള്ള വെളിച്ചമാണ് ഇതെന്നും സമരത്തിന് അനുകൂലമായൊരു മറുപടി ലഭിച്ചില്ലെങ്കില് സമരം വീണ്ടും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയയിച്ചുകൊണ്ട് പ്രിൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ധോബി തസ്തികയിലേക്ക് നടത്താനിരുന്ന അഭിമുഖം സമരക്കാർ തടസ്സപ്പെടുത്തിയിരുന്നു.നിപ കാലത്ത് പണിയെടുത്ത തൊഴിലാളികൾ സ്ഥിരം ജോലിക്കായി സമരം ചെയ്യുമ്പോൾ അത് പരിഗണിക്കാതെ വേറെ ആളുകളെ നിയമിക്കാൻ അനുവദിക്കില്ലെന്നായിരുന്നു സമരസമിതിയുടെ നിലപാട്. 10 ദിവസം നിരാഹാരം കിടന്ന പ്രേമയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി പകരം സമരസമിതി അംഗം പി സോമസുന്ദരൻ നിരാഹാരം തുടർന്നു. ഐ. എൻ. ടി യു .സി ജില്ലാ പ്രസിഡൻറ് കെ രാജീവൻ , ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു, ഫോർവേഡ് ബ്ലോക്ക്‌ ജില്ലാ സെക്രട്ടറി അഷറഫ് കായക്കൽ, സമരസമിതി നേതാക്കളായ പി. ടി ജനാർദ്ദനൻ ,എം പി സേതു മാധവൻ, വിശ്വൻ പുതുശ്ശേരി, രമ എന്നിവർ സംസാരിച്ചു.