@ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്പരിശോധനയിൽ കണ്ടെത്തിയത് നിരവധി ക്രമക്കേട്

കോഴിക്കോട്: ജില്ലയിലെ കോഴിക്കോട്, വടകര, നാദാപുരം, ഫറോക്ക് എന്നിവിടങ്ങളിലെ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി. 124 ബസ്സുകൾ പരിശോധിച്ചതിൽ 43 ബസുകൾക്കെതിരെ വിവിധ വകുപ്പുകളിൽ കേസെടുത്തു. പ്രവർത്തനക്ഷമമല്ലാത്തതും വിഛേദിച്ചതുമായ നിലയിലുളള സ്പീഡ് ഗവർണ്ണർ, സംവരണ സീറ്റുകൾ പ്രദർശിപ്പിക്കാത്തത്, ചവിട്ടുപടിയുടെ ഉയരക്കൂടുതൽ, വൈപ്പർ, ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനക്ഷമത, സീറ്റുകൾ, സൈഡ് ഷട്ടർ, നിന്ന് യാത്ര ചെയ്യുന്നവർക്ക് വേണ്ടിയുളള ഹാന്റ് ഗ്രിപ്പ്, ചവിട്ടുപടി എന്നിവ സംബന്ധിച്ച ദ്രുതപരിശോധനയാണ് ബസ് സ്റ്റാന്റിൽ നടത്തിയത്.
സ്പീഡ് ഗവർണ്ണർ വിഛേദിച്ച് സർവ്വീസ് നടത്തിയ 18 ബസുകൾക്കും ലൈറ്റുകൾ യഥാവിധി പ്രവർത്തിക്കാത്ത 10 വാഹനങ്ങൾക്കും മുൻ വശത്തെ ഗ്ലാസ് പൊടിപറ്റിയ നിലയിൽ ഓടിയ ഒരു ബസിനും തേയ്മാനം വന്ന ടയർ ഉപയോഗിച്ച് സർവ്വീസ് നടത്തിയ 11 ബസുകൾക്കും എതിരെ കേസ് ചുമത്തി. കൂടാതെ എയർ ഹോൺ ഉപയോഗിച്ച ആറ് വാഹനങ്ങൾക്കെതിരെയും ചവിട്ടുപടിയുടെ ഉയരം ക്രമാതീതമായി കൂടിയതായി കണ്ടെത്തിയ 11 വാഹനങ്ങൾക്കെതിരെയും കേസെടുത്തു. നാല് ബസുകൾക്ക് സ്റ്റോപ് മെമ്മോ നൽകി. കോഴിക്കോട് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ എ.കെ. ശശികുമാർ, കോഴിക്കോട് എൻഫോഴ്സ്മെന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.എം. ഷബീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർമാരായ ചന്ദ്രകുമാർ, രാകേഷ് എന്നിവർ വടകര, നാദാപുരം സ്റ്റാന്റുകളിൽ പരിശോധനയ്ക്കും സനൽ, രൺദീപ് എന്നിവർ കോഴിക്കോട് നഗരത്തിലെ പരിശോധനയ്ക്കും നേതൃത്വം നൽകി.
അദ്ധ്യാപികയോടൊപ്പം ബസിൽ കയറിയ വിദ്യാർത്ഥിയോട് സീറ്റിൽ കയറി ഇരുന്നതിന് അപമര്യാദയായി പെരുമാറിയ കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന ബസിനെതിരെ കേസ് എടുത്ത് കണ്ടക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. യാത്രക്കാർക്ക് കോഴിക്കോട് എൻഫോഴ്സ്മെന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ 8281786094 എന്ന നമ്പറിൽ പരാതി നൽകാം.