കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന അനധികൃത മദ്യ വിൽപ്പനക്കെതിരെ നടപടി എടുക്കാത്ത എക്‌സൈസ് വിഭാഗത്തിനെതിരെ വ്യാപക പ്രതിഷേധം. ഓഫീസിൽ വിളിച്ചു പരാതി പറഞ്ഞിട്ടും ആരും വരുന്നില്ലന്നും റെയ്ഡുകൾ നടത്തുന്നില്ലന്നു മാണ് പരാതി. കുളങ്ങരത്ത്, നരിപ്പറ്റ റോഡ് കക്കട്ട് ടൗൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന.
അനധികൃത മദ്യവില്പന വ്യാപകമായ കാര്യം അധികൃതരെ നേരിട്ടും ഫോണിലും അറിയിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. മാഹി നിർമ്മിത വിദേശമദ്യവും, ബീവറേജ് കോർപ്പറേഷനിൽ നിന്ന് ലഭിക്കുന്ന മദ്യവുമാണ് വില്പന നടത്തുന്നത്.ഇതിന് പുറമെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും രഹസ്യമായി വില്പന നടത്തുന്നതായും പരാതിയുണ്ട്. എക്‌സൈസ് വകുപ്പ് നേരത്തെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഇപ്പോൾ മൗനാനുവാദമാണെന്നും നാട്ടുകാർ പറയുന്നു.
കക്കട്ട് ടൗൺ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനകളിൽ 500 കുപ്പി മാഹി നിർമ്മിത വിദേശമദ്യവും, മുപ്പത്തി അഞ്ചര ലിറ്റർ ബീവറേജ് കോർപ്പറേഷനിൽ നിന്ന് വാങ്ങിക്കുന്ന മദ്യവും പിടികൂടുകയും ഏഴ് പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിതിരുന്നു.
മത്സ്യ മാർക്കറ്റ്, ടൗണിലെ കടകളുടെ പിറകുവശം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വില്പന നടത്തിയിരുന്നത്. പൊതുജനങ്ങൾക്കും, അധികൃതർക്കും മാർക്കറ്റിൽ പ്രവേശിക്കാൻ തടസ്സം സൃഷ്ടിക്കുന്ന സ്ഥിതിയ്‌ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നുവെങ്കിലും മാറ്റമൊന്നും വന്നിട്ടില്ല.. മദ്യ നിരോധന സമിതി, രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള യുവജന സംഘടനകൾ കക്കട്ടിൽ അങ്ങാടിയിലെ മദ്യവില്പനക്കെതിരെ ഒരു കാലത്ത്ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. യുവജന സംഘടനയുടെ പിന്മാറ്റമാണ് മദ്യവില്പനക്കാർ കരുത്താർജ്ജിക്കാൻ കാരണമാവുന്നത്. വിവിധ പ്രദേശങ്ങളിലുള്ള സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ വരെ ലഹരി തേടി കക്കട്ടിലെത്തുന്നതായി നാട്ടുകാർ പറയുന്നു. മദ്യക്കടത്തിൽ പിടിക്കപെടുന്നവർ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന നടത്തുന്നതും വ്യാപകമാണ്.