എടച്ചേരി: കൈനാട്ടി-നാദാപുരം റോഡ് വികസനം മിന്നൽ വേഗത്തിൽ പുരോഗമിക്കുമ്പോഴും ജനങ്ങൾക്ക് ദുരിതമായി റോഡിലെ ഇലക്ട്രിക് പോസ്റ്റുകൾ. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും നടപടി ക്രമങ്ങളിലെ സങ്കീർണതയുമാണ് റോഡുകളിൽ അപകടം വിതയ്ക്കുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ തടസമാവുന്നത്.
കോടികൾ ചെലവഴിച്ച് നടപ്പാക്കുന്ന മുട്ടുങ്ങൽ- നാദാപുരം റോഡിന്റെ വീതികൂട്ടലും ടാറിംഗും കഴിഞ്ഞ ഭാഗമായ നാദാപുരം കക്കം വെള്ളിയിലാണ് നടുറോഡിലെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാത്തെ കിടക്കുന്നത്.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് റോഡിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. സൊസെറ്റി ഇലക്ട്രിസിറ്റി ബോർഡിന് മാസങ്ങൾക്ക് മുമ്പ് പണം അടച്ചിട്ടും പോസ്റ്റുകൾ മാറ്റാൻ ബോർഡ് തയ്യാറാവുന്നില്ല. കൈനാട്ടി മുതൽ നാദാപുരം വരെ മാറ്റി സ്ഥാപിക്കാനുള്ള നിരവധി ഇലക്ട്രിക് പോസ്റ്റുകൾ റോഡിനു നടുക്ക് മരണക്കെണിയായി നിൽക്കുകയാണ്. ഏറെ വളവുകളുള്ള കക്കം വെള്ളി മുക്കിൽ റോഡിൽ അടുത്തിടെ രാത്രികാലങ്ങളിൽ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്.
നാദാപുരം മുതൽ വെള്ളികുളങ്ങര വരെയുള്ള ഭാഗങ്ങളിൽ റോഡ് പ്രവർത്തം എകദേശം പൂർത്തിയായി . 12 കിലോമീറ്റർ ദൈർഘ്യത്തിലാണ് റോഡിന്റെ വികസന പ്രവർത്തനം. 41.5 കോടി രൂപ അനുവദിച്ച ഈ വികസനപദ്ധതി ഒന്നര വർഷം കൊണ്ട് പൂർത്തിയാകുന്ന രീതിയിലാണ് പ്രവർത്തി പുരോഗമിക്കുന്നത്. ആദ്യഘട്ടം എന്ന നിലയിൽ ഈ റോഡിലുള്ള മുഴുവൻ കലുങ്കുകളും പുതുക്കി പണിഞ്ഞത് ഇതിനായി റോഡിൽ പലയിടങ്ങളിലായി നിലവിലുള്ള കലുങ്കുകൾ പൊളിച്ചുമാറ്റി പുതിയത് പണിത ത്ത് മിന്നൽ വേഗത്തിലാണ് പണി നടത്തുന്നത് .
പണം അടച്ചാലും മറ്റ് കാരണങ്ങളാൽ പ്രവൃത്തി വൈകുന്ന അവസ്ഥയുമുണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമാണ് ഇതിൽ വലിയ പ്രയാസം സൃഷ്ടിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പിലെയും കെ.എസ്.ഇ.ബിയിലെയും ഉദ്യോഗസ്ഥർ പറയുന്നു. റോഡ് വികസനം ആവശ്യമായി വരുമ്പോൾ എല്ലാ വകുപ്പുകളും ചേർന്ന് ഒറ്റ കേന്ദത്തിൽവച്ച് തീർപ്പ് കൽപിക്കാനാവുന്ന സംവിധാനം ഉണ്ടാക്കുകയാണ് ഫലപ്രദമായ മാർഗം.