കോഴിക്കോട്: തലക്കുളത്തൂരിലെ പട്ടർപാലം എലിയറമലയിൽ ചെങ്കൽ ഖനനത്തിന് വീണ്ടും അനുമതി നൽകിയതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെയും സമരസമിതിയുടെയും നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകരെ ഉൾപ്പെടുത്തി ഖനനവുമായി ബന്ധപ്പെട്ട് പഠനം നടത്തുക, മലയിലേക്ക് പ്രവേശനം നിഷേധിച്ച് നടത്തുന്ന ഖനനത്തിന്റെ ദുരുഹത അന്വേഷിക്കുക, നാട്ടുകാരെ കള്ളക്കേസ്സിൽ കുടുക്കിയത് പിൻവലിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുമാണ് ധർണ നടത്തിയത്.

കുടിവെള്ളം, കൃഷി, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് ഇവിടെ ഖനനം നടക്കുന്നതെന്ന് എലിയറമല സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. പൊടിശല്യവും കുടിവെള്ളക്ഷാമവും മരങ്ങൾ മുറിക്കുന്നതും വ്യാപകമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിയോളജി വകുപ്പിന്റെ അനുമതി മാത്രം മതിയെന്ന കാരണത്താലാണ് ഖനനം മുന്നോട്ട് പോകുന്നത്. 2018 മെയ് മാസം മുതൽ പ്റദേശത്തെ ജനങ്ങൾ ക്വാറിക്കെതിരേ പ്റക്ഷോഭത്തിലാണ്. സംഭവത്തിൽ അധികൃതർ ഇടപെട്ടണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ജൈവ സമ്പന്നവും അഞ്ഞൂറോളം വീടുകളിലുള്ള ആയിരക്കണക്കിനാളുകളുടെ കുടിവെള്ള സ്റോതസ്സുമാണ് എലിയറമല. രണ്ട് സ്‌കൂളുകളും നിരവധി ആരാധനാലയങ്ങളും ഇതിനു ചുറ്റുമുണ്ട്. ധർണ്ണയിൽ കെ രവീന്ദ്റൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഇ പി രത്നാകരൻ സ്വാഗതം പറഞ്ഞു.