വടകര: വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ റോഡ് വെട്ടിപ്പൊളിച്ചതോടെ നാട്ടുകാരുടെ വഴിമുടങ്ങി. ജില്ലാആശുപത്രി-പുതിയാപ്പ് റൂട്ടില്‍ നിന്ന് പൂര്‍ണിമ റോഡിലുള്ളവര്‍ക്കാണ് ഈ ദുരവസ്ഥ. രണ്ടാഴ്ചയായി ഈ പ്രദേശത്തെ ഇരുപതിലേറെ വീട്ടുകാര്‍ ദുരിതത്തിലാണ്. മഴ പെയ്തതോടെ കാര്യം കൂടുതല്‍ കഷ്ടത്തിലായി. കുടി വെള്ള പൈപ്പ് നന്നാക്കുന്നതിനു വേണ്ടിയാണ് റോഡ് കുഴിച്ചത്. പണി കഴിഞ്ഞ് രണ്ടാഴ്ചയായെങ്കിലും കുഴിയടക്കാന്‍ ഇതേ വരെ ജീവനക്കാര്‍ തയ്യാറായില്ല. ഇതോടെയാണ് കാര്യം അവതാളത്തിലായത്. സ്‌കൂള്‍ തുറന്നതോടെ കുട്ടികളുമായി പോകാന്‍ വാഹനങ്ങളുള്ളവര്‍ കഷ്ടപ്പെടുകയാണ്. കാറുകള്‍ കൊണ്ടുപോകാന്‍ കഴിയാത്തവര്‍ ഇവ വീട്ടില്‍ തന്നെ നിര്‍ത്തി നടന്നുപോകേണ്ട സ്ഥിതിയാണ്. പലരും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പൈപ്പ് നന്നാക്കാന്‍ എടുത്ത കുഴിയില്‍ മഴ പെയ്ത് വെള്ളം നിറഞ്ഞതോടെ അപകട സാധ്യത വര്‍ധിച്ചിരിക്കുകയാണ്. സമീപത്ത് നിന്ന് കളിക്കുന്ന കുട്ടികള്‍ കുഴിയിലെ വെള്ളത്തില്‍ വീഴാന്‍ ഇടയുണ്ട്. കുഴി നികത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അടിയന്തര ഇടപെടലിനു വാട്ടര്‍ അതോറിറ്റി തയാറായില്ലെന്ന പരാതി ഉയര്‍ന്നു.