വടകര : അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയില്ലെന്നുള്ള വടകര ഇന്ത്യന്‍ ബാങ്ക് ശാഖയ്ക്കെതിരെ സ്ത്രീയുടെ പരാതിയില്‍ വസ്തുതയില്ലെന്ന് പൊലീസ്. ഒഞ്ചിയം സ്വദേശിനി സുഷമ വടകര പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പണം നിക്ഷേപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍തൃസഹോദരന്‍ വത്സനും മകനും സുഷമ അറിയാതെ പണം പിന്‍വലിച്ചതായി ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലായതായി ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം ബാങ്ക് തിരികെ നല്‍കുന്നില്ലെന്ന് പറഞ്ഞാണ് സുഷമ പൊലീസിന് പരാതി നല്‍കിയത്. ഒരു വര്‍ഷമായി പണത്തിനായി ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്ക് പണം നല്‍കാതെ പ്രയാസപ്പെടുത്തുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബാങ്ക് പഴയ രേഖകള്‍ പരിശോധിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷം മുമ്പുള്ള ഇടപാട് വിവരങ്ങള്‍ ബാങ്ക് ഡിജിറ്റലൈസ് ചെയ്തിരുന്നില്ല. പഴയ രേഖകള്‍ പരിശോധിച്ചപ്പോള്‍ സുഷമ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സഹോദരന്‍ വത്സനും മകനും രണ്ട് തവണയായി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിന്‍വലിച്ചതായും കണ്ടെത്തി. സുഷമയുടെ പേരിലുള്ള ചെക്ക് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ പണം പിന്‍വലിച്ചത് സുഷമ അറിഞ്ഞിരുന്നില്ല. ചെക്ക് ഉപയോഗിച്ച് സുഷമയറിയാതെ ഭര്‍തൃസഹോദരനും മകനും പണം പിന്‍വലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.