പേരാമ്പ്ര: കുറ്റിയാടി ജലസേചന പദ്ധതിയുടെ പ്രധാന കനാലിൽ വിഷം കലക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സംഭവത്തിൽ ജീവനക്കാരുടെ പങ്കിനെക്കുറിച്ചു അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രധാന കനാലിലെ ജലമൊഴുക്ക് ഷട്ടറിട്ട് അടക്കുകയുണ്ടായി. വെള്ളം കുറഞ്ഞതോടെ മീൻ പിടിക്കാനാണു കനാലിലെ വെള്ളത്തിൽ വിഷം കലക്കിയതെന്ന് പരാതി ഉയർന്നു . നഞ്ച് , ബ്ലീച്ചിംഗ് പൗഡർ എന്നിവ കനാലിൽ വൻതോതിൽ രാത്രിയിൽ തട്ടിയാണു മത്സ്യ ബന്ധനം നടത്തിയതെന്നു സംശയമുയർന്നിട്ടുണ്ട്. രാത്രി കാവൽക്കാരുള്ള ഡാമിനു സമീപം മുതൽ കനാൽ ഭാഗത്ത് പലയിടങ്ങളിലും മീൻ പിടുത്തക്കാർ വിലസുകയായിരുന്നു. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിൽ ജലമെത്തിക്കുന്ന കനാലിലാണു വിഷപ്രയോഗം. ധാരാളം മത്സ്യവും ചത്തൊടുങ്ങി. ഇത് വൃഷ്ടി പ്രദേശത്ത് വ്യാപകമായി കടുത്ത ദുർഗന്ധത്തിനിടയാക്കി. വ്യാപാരികൾക്കും യാത്രക്കാർക്കും കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയ പ്രശ്‌നത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നു യൂത്തുകോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.
അതേ സമയം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കുറ്റിയാടി ജലസേചന വകുപ്പധികൃതർ പെരുവണ്ണാമൂഴി പെലീസിൽ പരാതി നൽകി.