പേരാമ്പ്ര: പെരുവണ്ണാമൂഴി ചക്കിട്ടപാറ റോഡിൽ അപകട ഭീഷണി ഉയർത്തി കിണർ നവീകരണ പ്രവർത്തി നടത്തുന്നതായി പരാതി.
പാത തകരുന്ന വിധത്തിലാണ് നിർമ്മാണം ആരംഭിച്ചതെന്നാണ് പരാതി . ജലസേചന വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന കിണർ വൃത്തിയാക്കി സംരംക്ഷണ ഭിത്തി നിർമ്മിച്ച് കുടിവെള്ള പദ്ധതിയാക്കുന്ന പ്രവർത്തിയാണിത്. ബുധനാഴ്ച ജെ.സി.ബിയുമായി വന്നു കരാറുകാർ പണി തുടങ്ങി. പരിസരവാസികളായ അഞ്ചോളം വീട്ടുകാർ ഈ കിണറ്റിൽ നിന്നാണു ജലം സംഭരിച്ചിരുന്നത്. അവർ സ്ഥാപിച്ച മോട്ടോറുകൾ മാറ്റിയ കരാറുകാരൻ കിണറിനു ചുറ്റും ജെ.സി.ബി വെച്ച് മാന്തുകയും തിണ്ടുകൾ ഇടിച്ചിടുകയും ചെയ്തുവെന്നാണ് പരാതി. കനത്ത മഴയിൽ ഈ ഭാഗം കൂടുതൽ ഇടിയാൻ തുടങ്ങി. ഇതോടെ പണി നിർത്തി അവർ മുങ്ങിതയും പറയുന്നു. പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിലെ ആരും സൈറ്റിൽ ഇല്ലാതെയാണു പ്രവർത്തി നടത്തിയതത്രെ. കെ.എസ്.ആർ.ടി.സി ബസുൾപ്പടെ നിരവധി വാഹനങ്ങൾ സർവ്വീസ് നടത്തുന്ന
റോഡാണിത്. ടൂറിസ്റ്റു കേന്ദ്രങ്ങളായ പെരുവണ്ണാമൂഴിയെയും കക്കയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിതെന്നതിനാൽ ഒട്ടനവധി ടൂറിസ്റ്റുകളും സഞ്ചരിക്കാറുണ്ട്. റോഡിന്റെ അടിഭാഗം ഏതു നിമിഷവും തകരാവുന്ന വിധത്തിലാണുള്ളതെന്ന കാര്യമറിയാതെയാണു വാഹനങ്ങൾ ഓടുന്നത്. പാതയോരം തകർന്നാൽ വാഹനവും യാത്രക്കാരും ജലം നിറഞ്ഞ കിണറ്റിൽ പതിക്കുമെന്നാണ് നാട്ടുകാർ പറയുന്നത് . ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തുന്ന വിധത്തിൽ പ്രവത്തിനടത്തി നിരുത്തരവാദിത്വം കാണിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എ.ഇ, കരാറുകാർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടും ചക്കിട്ടപാറ നിവാസിയും കൊയിലാണ്ടി താലൂക്ക് വികസന സമിതി മെമ്പറുമായ രാജൻ വർക്കി പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകി. അപകട ഭീഷണിയുള്ള സ്ഥലത്ത് മുന്നറിയിപ്പു ബോർഡും റിബ്ബണും ഉടൻ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.