കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് ബഹുനില കെട്ടിടം വന്നെങ്കിലും ചികിത്സ സൗകര്യം സജ്ജമായില്ല. സ്‌കാനിംഗ് മെഷീനുകൾ ഇതുവരെയും പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. അൾട്രാസൗണ്ട് സ്‌കാനിഗ് മെഷീൻ സജ്ജീകരിച്ചിട്ട് ഒന്നര മാസമായെങ്കിലും ഇതുവരെയും പൂർണ്ണമായി പ്രവർത്തച്ചിട്ടില്ല. ഗൈനക്കോളജി വിഭാഗം മാത്രമേ ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയിട്ടുള്ളൂ എന്ന് ആ ശു പ തി സൂപ്രണ്ട് ഡോ: പ്രതിഭ പറഞ്ഞു. ആവശ്യക്കാർക്ക് ഉപയോഗിക്കണമെങ്കിൽ റേഡിയോളജിസ്റ്റിനെ നിയമിക്കണം. സി.ടി സ്‌കാനിംഗ് മെഷീൻ വന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പെട്ടി പൊളിക്കാതെ കിടപ്പാണ്. ഇത് ടെസ്റ്റ് ചെയ്ത ശേഷം അനുമതി ലഭിച്ചാലേ ഉപയോഗിക്കാൻ കഴിയൂ. 24 മണിക്കൂർ പ്രവർത്തിക്കേണ്ട കാരുണ്യ 5 മണിക്ക് അടയ്ക്കും.

ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. പ്രസവവാർഡ്, ലേബർറൂം, ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, പോസ്റ്റ് ഓപ്പറേഷൻ വാർഡ് ഇതൊന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ല. അഗ്‌നിശമന വകുപ്പിന്റെ അനുമതി ഇതേവരേയും കിട്ടിയിട്ടില്ല. ഒന്നര ലക്ഷം ലിറ്ററിന്റെ ജലസംഭരണിയില്ലാത്തതാണ് കാരണമെന്ന് ഫയര്‍‌സ്റ്റേഷൻ ഓഫീസർ പി.പി. ആനന്ദൻ പറഞ്ഞു. ഇതിനിടയിലും കവാടത്തിന്റെ പണി തീർക്കാനാണ് അധികാരികൾക്ക് താല്ലര്യം. മഴക്കാലം വന്നതോടെ ആശുപത്രിയിൽ രോഗികളുടെ തിരക്കാണ്. ആശുപത്രി പൂർണ്ണ സജ്ജമായാൽ മാത്രമേ രോഗികൾക്ക് രക്ഷയുള്ളൂ. അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം