പേരാമ്പ്ര: ചെങ്ങോടുമല കരിങ്കൽ ഖനനത്തിന് ഡി. ആൻറ്. ഒ ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ജില്ലാ ഏകജാലക ബോർഡിന്റെ ഹിയറിംഗ് വെള്ളിയാഴ്ച്ച നടക്കാനിരിക്കെ ജില്ലാ കളക്ടറിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ. രണ്ട് തവണ മാറ്റി വെച്ച യോഗമാണ് ഇന്ന് ചേരുന്നത്. ആദ്യം 12 ന് നടക്കുമെന്നും പിന്നീട് 13ന് നടക്കുമെന്നും പറഞ്ഞ യോഗമാണ് വെള്ളിയാഴ്ച്ച നടക്കുന്നത്. ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും സി. പി. എമ്മും കോട്ടൂർ ഗ്രാമപഞ്ചായത്തോഫീസ് ഒരാഴ്ച്ച ഉപരോധിച്ചിരുന്നു. സമരം അവസാനിപ്പിക്കാൻ എം. എൽ. എയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തിരക്കുപിടിച്ച് ക്വാറിക്ക് അനുമതി നൽകില്ലെന്ന് കളക്ടർ ഉറപ്പ് നൽകിയിരുന്നു. മെയ് 17ന് നടന്ന ഏകജാലക ഹിയറിംഗിൽ ജില്ലാ കലക്ടറും വിദഗ്ധ സംഘവും ചെങ്ങോടുമല സന്ദർശിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂൺ രണ്ടിന് കലക്ടറും 10ന് വിദഗ്ധ സംഘവും സ്ഥലം സന്ദർശിച്ചു. കലക്ടർ മലയിലെ ജലസ്രോതസുകളും ജൈവ വൈവിധ്യവും ഉരുൾപൊട്ടൽ നടന്ന സ്ഥലവും കണ്ടാണ് മടങ്ങിയത്. എന്നാൽ വിദഗ്ധ സംഘം ഗ്രാമ പഞ്ചായത്തിനേയോ സമരസമിതിയേയോ വിവരമറിയിക്കാതെ സന്ദർശനം നടത്തിയെന്ന് ആരോപണമുയർന്നു. നാട്ടുകാർ പറഞ്ഞ ഒരു സ്ഥലവും കാണാതെ ഒരു മണിക്കുറിനുള്ളിൽ പഠനം പൂർത്തിയാക്കി മടങ്ങുകയും ചെയ്തത് വിവാദമായി . ലൈസൻസ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിനു വേണ്ടി വിദഗ്ധർ നടത്തിയ പഠന റിപ്പോർട്ട് കൂടി കലക്ടർ പരിഗണിക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. മാസങ്ങൾക്ക് മുമ്പ് ഡി. ആൻറ്. ഒ ലൈസൻസിനു വേണ്ടി ഏകജാലക ബോർഡിൽ കമ്പനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ മതിയായ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി തിരിച്ചയച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ പോയ കമ്പനി വിചാരണ നടക്കവേ കേസ് പിൻവലിക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ സംസ്ഥാന ചീഫ് സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടർക്കും ഡി. ആൻറ്. ഒ ലൈസൻസ് നൽകാനുള്ള നിർദ്ദേശം കൊടുക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഇടപെടൽ നിയമ വിരുദ്ധമായാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. തദ്ദേശ വകുപ്പ് സെക്രട്ടറിയാണ് കമ്പനി നൽകിയ അപ്പീലിൻമേൽ നടപടിയെടുക്കേണ്ടതെന്നിരിക്കെ ചീഫ് സെക്രട്ടറി ഇടപെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ഒന്നര വർഷമായി ഒരു നാട് മുഴുവൻ നടത്തുന്ന സമരത്തിന്റെ ഗതി നിർണയിക്കുന്നതാവും ഇന്നത്തെ ഹിയറിംഗിലെ തീരുമാനം.