നാദാപുരം: മഴ ലഭിച്ചതോടെ വറ്റി വരണ്ടു കിടന്ന വിഷ്ണുമംഗലം പുഴയിൽ വെള്ളം നിറഞ്ഞു. ഇതോടെ വടകര ടൗണിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് പുനരാരംഭിച്ചു. കടുത്ത വേനലിൽ പുഴയിൽ നീരൊഴുക്ക് നിലച്ചതോടെ വെള്ളം ശേഖരിക്കാൻ പുഴയിൽ നിർമ്മിച്ച കിണർ പൂർണമായും വറ്റിയിരുന്നു. ഇതോടെ ഇവിടെ നിന്നും വടകര ഭാഗത്തേക്കുള്ള ജലവിതരണം നിലച്ചിരുന്നു.
രണ്ട് ദിവസമായി പെയ്ത മഴയിൽ പുഴ നിറഞ്ഞതോടെയാണ് പമ്പിംഗ് പുനരാരംഭിക്കാൻ തീരുമാനമായത്. വടകര താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലും വടകര മുൻസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളിലുമാണ് കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ നിന്ന് കുടി വെള്ളം എത്തിക്കുന്നത്. ഇവിടെ നിന്നും ഭൂമിക്കടിയിൽ സ്ഥാപിച്ച പൈപ്പുകൾ വഴി പുറമേരിയിലെ ടാങ്കിൽ വെള്ളം എത്തിച്ച് ശുദ്ധീകരിച്ചാണ് വടകരക്കെത്തിക്കുന്നത്. കഴിഞ്ഞ വർഷം വേനൽ മഴ ലഭിച്ചതിനാൽ പുഴയിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിരുന്നു എന്നാൻ ഈ വർഷം വേനൽ മഴ ലഭിക്കാതെ വന്നതോടെയാണ് മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴ പൂർണ്ണമായും വറ്റി വരണ്ടത്. ഇപ്പോൾ ഈ പുഴയുടെ ഉൽഭവസ്ഥാനമായ വിലങ്ങാട് വന മേഖലയിൽ രണ്ട് ദിവസമായി പെയ്യുന്ന ശക്തിയായ മഴയെ തുടർന്നാണ് പുഴ നിറഞ്ഞ് ഒഴുകാൻ തുടങ്ങിയത്.
പടം: വടകര ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുന്ന വിഷ്ണുമംഗലം പുഴയിൽ ബണ്ട് പരിസരത്ത് വെള്ളം നിറഞ്ഞ നിലയിൽ