മുക്കം: മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർമാർ മുക്കം നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരത്തിലെ ഓടയിൽ നിന്ന് നീക്കം ചെയ്ത മാലിന്യം ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് തളളിയവർക്കെതിരെ നടപടി വേണമെന്നും മുക്കം ബസ് സ്റ്റാന്റിലെ പൊതുശുചിമുറിയുടെ സെപ്റ്റിറ്റിക് ടാങ്കിൽ നിന്ന് മാലിന്യം പുറത്തേക്കൊഴുകുന്നത് തടയണമെന്നും ഇവർ ആവശ്യപ്പെട്ടു. കല്ലുരുട്ടിയിൽ അനധികൃതമായി നിർമിച്ച മൂന്നുനില കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചതിനും ഇവരുടെ ശുചി മുറിയുടെ ടാങ്കിൽ നിന്നുള്ള മാലിന്യം പൊതുസ്ഥലത്തേയ്ക്ക് പമ്പ് ചെയ്ത് ഒഴുക്കിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുക്കം പൊലീസ് സമരക്കാരും സെക്രട്ടറിയുമായി സംസാരിച്ചതിലുണ്ടായ ധാരണ പ്രകാരമാണ് കൗൺസിലർമാർ ഉപരോധസമരം അവസാനിപ്പിച്ചത്. പി കെ മുഹമ്മദ്, ടി.ടി സുലൈമാൻ,ഇ പി അരവിന്ദൻ,അബ്ദുൽ ഹമീദ് , പി ബുഷ്റ, വി.എം റഹ് മത്ത്, ഗിരിജ, സീനത്ത് എന്നിവരാണ് സമരത്തിലേർപ്പെട്ട കൗൺസിലർമാർ.