പേരാമ്പ്ര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് മർച്ചൻറ് അസോസിയേഷൻ ജനറൽ ബോഡി യോഗത്തിലെ വോട്ടെടുപ്പിൽ വാക്കേറ്റവും കൈയ്യാങ്കളിയും. കള്ളവോട്ട് ആരോപിച്ച് ഒരു വിഭാഗം വോട്ടിംഗ് തടസപ്പെടുത്തുകയായിരുന്നു. പിന്നീട് പേരാമ്പ്ര എസ്. ഐ കെ. ടി. ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സംഘർഷാവസ്ഥ ഒഴിവാക്കി. നിലവിലുള്ള പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, പി. കെ. രാജീവൻ, കെ. പി. അബ്ദുല്ല കോയ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് പാനലാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ സുരേഷ് ബാബു കൈലാസിന്റെ പാനൽ വിജയിച്ചു. ജനറൽ ബോഡി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ടി. വി. ബാലൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. അലങ്കാർ ഭാസ്‌ക്കരൻ, ഷംസുദ്ദീൻ കമ്മന, ജോബി വാരിയംപ്ലാക്കൽ, സൗമിനി മോഹൻദാസ്, വി. എം. കുഞ്ഞബ്ദുല്ല, വിജയ ലക്ഷ്മി നമ്പ്യാർ, സി. എം. അഹമ്മദ് കോയ, ഒ. പി. മുഹമ്മദ്, സലിം മണവയൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുരേഷ് ബാബു കൈലാസ് (പ്രസി) ഒ. പി. മുഹമ്മദ് (ജന: സെക്ര) സലിം മണവയൽ (ട്രഷ)