കോഴിക്കോട്: കാർട്ടൂണിലായാലും സാഹിത്യരചനയിലായാലും മതചിഹ്നങ്ങളെയും വിശ്വാസത്തെയും അവഹേളിക്കുന്നത് ശരിയല്ലെങ്കിലും ഇക്കാര്യത്തിൽ ഭരണ കർത്താക്കൾക്കും രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകർക്കും ഇരട്ടത്താപ്പ് പാടില്ലെന്ന് തപസ്യ കലാസാഹിത്യ വേദി അഭിപ്രായപ്പെട്ടു. സാമൂഹ്യവും രാഷ്ട്രീയവുമായ വിമർശനങ്ങൾക്കുള്ള പ്രധാന ആയുധമാണ് കാർട്ടൂൺ. വിവാദ കാർട്ടൂൺ അവാർഡിനായി തിരഞ്ഞെടുത്തത് പ്രമുഖരായ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെട്ട സമിതിയാണ്. ഈ പുരസ്‌കാര നിർണയം പുനഃപരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ നിർദ്ദേശം അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും അവകാശപ്പെടുന്ന മതനിരപേക്ഷ നിലപാടിനും ആവിഷ്‌കാര സ്വാതന്ത്ര്യവാദത്തിനും നിരക്കുന്നതാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്ന് തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ മാടമ്പ് കുഞ്ഞുക്കുട്ടൻ, ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുമ്പ് പലതവണ ഹൈന്ദവ വിശ്വാസവും മതചിഹ്നങ്ങളും അവഹേളിക്കപ്പെട്ടപ്പോഴൊന്നും സ്വീകരിച്ചിട്ടില്ലാത്ത സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്ന് തപസ്യ കുറ്റപ്പെടുത്തി.