കുറ്റ്യാടി: ലോകാരോഗ്യ സംഘടന എല്ലാ വർഷവും ജൂൺ പതിനാല് ലോക രക്തദാന ദിനമായി ആചരിക്കുമ്പോൾ രക്തദാനത്തിന്റെ സന്ദേശം സമൂഹത്തിന് മുമ്പിലെത്തിച്ച് ഒരു അധ്യാപകൻ. രക്തദാനം ജീവിത വ്രതമാക്കി വേറിട്ട മാതൃക തീർക്കുകയാണ് കുറ്റ്യാടി എം.ഐ.യു.പി.സ്കൂൾ അദ്ധ്യാപകൻ കെ.പി.ആർ.ഹഫീഫ് . പതിനെട്ടാമത്തെ വയസിൽ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണത്തോട് മല്ലിടുന്ന ഊരും പേരും അറിയാത്ത ചെറുപ്പക്കാരന് രക്തം ദാനം നൽകി കൊണ്ടാണ് ഹഫീഫ് രക്ത ദാനമെന്ന മഹാദാനത്തിന് തുടക്കം കുറിക്കുന്നത്. മറ്റു രക്ത ഗ്രൂപ്പുകളിൽ നിന്ന് വിരളമായ എ.ബി. നെഗറ്റീവ് രക്തമായതുകൊണ്ടാണ് അന്ന് ഈ അദ്ധ്യാപകനെ തേടി ആവശ്യക്കാർ എത്തിയത്. ഇരുപത്തി ഏഴ് വയസു പൂർത്തിയാകുന്ന ഹഫീഫ് ഇതിനകം ഇരുപത്തി നാല് തവണയാണ് സ്വന്തമായി രക്തം ദാനം നൽകിയത് . എ.ബി - നെഗറ്റീവ് രക്തം വേണമെന്ന ഫോൺ വിളി ഏത് സമയത്തു വന്നാലും അദ്ദേഹം തന്റെ എല്ലാ പരിപാടികളും മാറ്റിവെച്ച് രോഗിക്കരികിൽ ഓടിയെത്തും .കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിയായ ഹഫീഫ് സ്വന്തം ചിലവിൽ തന്നെയാണ് ഏറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഇരുപത്തി നാല് രോഗികൾക്ക് രക്തം നൽകാൻ ഇതിനകം തയ്യാറായത്. മറ്റു രക്ത ഗ്രൂപ്പിൽപ്പെട്ട രക്തം ആവശ്യപ്പെടുന്നവർക്ക് അത്തരം രക്തദായകരെ അന്വേഷിച്ച് കണ്ടെത്തുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും ഹഫീഫ് തന്നെ . ഏത് പാതിരാത്രിയിലും രക്തമന്വേഷിച്ചുള്ള വിളികൾക്ക് ഉത്തരവും സമാധാന സാന്നിദ്ധ്യവുമായി തേങ്ങുന്ന ഓരോ കുടുംബത്തിന് സേവകനായി അരികെ മാതൃകാ സേവകനായി ഇദ്ദേഹമുണ്ട്. രക്തദാനത്തെക്കുറിച്ച് വ്യക്തമായൊരു അവബോധം സൃഷ്ട്ടിക്കാൻ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ക്ഷണിച്ചു കൊണ്ട് ഈ രക്തദാന ദിനത്തിലും സഹജീവികൾക്ക് രക്തം അന്വേഷിച്ചുള്ള പ്രയാണത്തിലാണ് ഈ യുവാവായ അദ്ധ്യാപകൻ.