കോഴിക്കോട്: മഴക്കാലത്തെ കെടുതികൾ നേരിടുന്നതിനും അപകടങ്ങൾ തടയുന്നതിനുമായി 75 വാർഡുകളിലും അടിയന്തര നടപടി സ്വീകരിക്കാൻ നഗരസഭ രൂപീകരിച്ച സ്ക്വാഡുകളുടെ നേതൃത്വത്തിലാകും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുകയെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
സ്‌ക്വാഡുകൾ എല്ലാ ദിവസവും ചുമതലയുള്ള വാർഡുകളിൽ ആവശ്യമായ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് നടത്തണമെന്ന് നിർദ്ദേശിച്ചതായി മേയർ കൗൺസിലിനെ അറിയിച്ചു. കെ.ടി.സുഷാജ്, മുഹമ്മദ് ഷമീൽ എന്നിവരുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മേയർ. പരാതികൾ സ്‌ക്വാഡിനെ കൃത്യമായി അറിയിക്കണമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി.വി.ലളിത പ്രഭ പറഞ്ഞു.
കുടിവെള്ളത്തിൽ മാലിന്യം കലരുന്നത് വ്യാപകമായ സാഹചര്യത്തിൽ കേരള വാട്ടർ അതോറിറ്റിയെപ്പറ്റിയുള്ള പരാതികൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു. എരഞ്ഞിക്കൽ ഭാഗത്ത് കുടിവെള്ളത്തിൽ വ്യപകമായി മാലിന്യം കലരുന്ന വിഷയം കറ്റടത്ത് ഹാജറയാണ് ശ്രദ്ധക്ഷണിച്ചത്. ആരോഗ്യ ഇൻഷുറൻസ് പുതുക്കാനെത്തുന്നവർക്ക് മതിയായ സജ്ജീകരണം എലത്തൂർ മേഖലാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തും. കെ. നിഷയാണ് വിഷയം ശ്രദ്ധ ക്ഷണിച്ചത്.
ആറ് മാസം കൊണ്ട് നഗരത്തിൽ എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്ന് മേയർ അറിയിച്ചു. എൻ. സതീഷ്കുമാർ ശ്രദ്ധക്ഷണിച്ചു. കല്ലുത്താൻ കടവ് ഫ്ലാറ്റ് ഓണത്തിന് മുമ്പ് തുറന്ന് കൊടുക്കുമെന്ന് മേയർ പറഞ്ഞു.
@ മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വികസനത്തിന് പണം അനുവദിക്കണം
മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വികസനത്തിന് ആവശ്യമായ പണം അനുവദിക്കണമെന്നും സ്ഥലമെടുപ്പ് ഉടൻ പൂർത്തിയാക്കി നിർമാണ പ്രവർത്തനം ആരംഭിക്കണമെന്നും നഗരസഭ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യു.ഡി.എഫ് അംഗം വിദ്യാബാല കൃഷ്ണൻ അവതരിപ്പിച്ച പ്രമേയം ഭരണപക്ഷ കൗൺസിലർ പി.ബിജുലാലിന്റെ ഭേദഗതികളോടെ അംഗീകരിച്ചു. കുടുംബശ്രീ സംരംഭ ഉത്പന്നങ്ങളുടെ നിർമാണത്തിനും വിപണനത്തിനും പരിശീലനത്തിനുമുള്ള നഗര ഉപജീവന കേന്ദ്രം മഹിളാമാളിലും എരഞ്ഞിക്കൽ ഇൻഡസ്ട്രിയൽ പാർക്കിലും സ്ഥാപിക്കാൻ കൗൺസിൽ അനുമതി നൽകി. പ്രതിപക്ഷത്തന്റെ എതിർപ്പിനിടെ വോട്ടെടുപ്പിലൂടെയാണ് അനുമതി നൽകിയത്.