കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാകാശ കമ്മീഷൻ. മലബാർ ദേവസ്വം കമ്മീഷണർക്കും ഇ.എസ്.ഐ ഡയറക്ടർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് ലഭിക്കുന്ന യാതൊരു ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ലെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രജീവനക്കാർ കാലാനുസൃതമായ യാതൊരു ആനുകൂല്യവും ലഭിക്കാത്ത വിഭാഗമാണെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു. മലബാർ ദേവസ്വം കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഓരോ ക്ഷേത്രങ്ങളും ഓരോ യൂണിറ്റുകളായാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ഹിന്ദു മത ധർമ്മ സ്ഥാപനത്തിൻറെ പരിധിയിൽ വരുന്നതാണ്. അതാത് ക്ഷേത്ര ഭരണാധികാരികളാണ് ഓരോ ക്ഷേത്രത്തിലെയും ജീവനക്കാരുടെ നിയമനങ്ങളും ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്. ക്ഷേത്രങ്ങളുടെ ഭരണപരമായ മേൽനോട്ടചുമതല മാത്രമാണ് ബോർഡിനുള്ളത്. ഇ.എസ്.ഐ പദ്ധതി ബോർഡിൽ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും മതപരമായ വർഗീകരണമുള്ള മേഖലകളെ ഇ എസ് ഐ നിയമത്തിൻറെ പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ഇ.എസ്.ഐ ഡയറക്ടർ നിലപാട് എടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ബോർഡിന് കീഴിലുള്ള ക്ഷേമനിധി ബോർഡ് ജീവനക്കാർക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ജീവനക്കാർക്ക് ചികിത്സാ സഹായം, വിവാഹധനസഹായം, കുട്ടികൾക്ക് സ്‌കോളർഷിപ്പ് എന്നിവ ബോർഡ് നടപ്പിലാക്കുന്നുണ്ട്. ഇ.എസ്.ഐ ബോർഡിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായാൽ പദ്ധതി നടപ്പിലാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.