കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ്, ആരോഗ്യ കേരളം, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനാചരണം നടത്തി. മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ വി. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് റിട്ട. മെഡിക്കൽ ഓഫീസർ ഡോ. മോഹൻദാസ് സന്നദ്ധ രക്തദാന ത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലയിൽ രക്തദാന രംഗത്ത് മികച്ച പ്രവർത്തനം നടത്തി വരുന്ന 13 സന്നദ്ധ സംഘടനകളെ ആദരിച്ചു. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനു നിർമിച്ച ഷോർട്ട് ഫിലിമിന്റെ സിഡി പ്രകാശനം ജില്ലാ എയ്ഡ്‌സ് നിയന്ത്രണ ഓഫീസർ നിർവഹിച്ചു. മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രത്യേകം സജ്ജമാക്കിയ ഹാളിൽ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ എൻ.സി.സി, എൻ.എസ്.എസ് യുവജനക്ഷേമ വകുപ്പ്, സന്നദ്ധപ്രവർത്തകർ, വിദ്യാർത്ഥികൾ ഉൾപ്പെടെ 52 പേർ രക്തം ദാനം ചെയ്തു ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു
ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. ഗോഡ് വിൻ സാം രാജ് ഡി.പി, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ ഓഫീസർ ഡോ. പ്രമോദ് കുമാർ പി.പി, ജില്ലാ മാസ് മീഡിയ ഓഫീസർ എം.പി മണി, കേരള ടിബി അസോസിയേഷൻ എക്‌സിക്യൂട്ടീവ് മെമ്പർ അഡ്വ എം രാജൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ധനരാജ് ടി.വി, രാജേഷ് ബാബു എം.പി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ബേബി നാപ്പള്ളി, ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡന്റ് അശോകൻ ആലപ്രത്ത്, ബി. പോസിറ്റീവ് പ്രസിഡന്റ് പ്രബീഷ് പേരാമ്പ്ര, ആരോഗ്യകേരളം പി.ആർ.ഒ ദിവ്യ ചേലാട്ട് തുടങ്ങിയവർ സംസാരിച്ചു.