പേരാമ്പ്ര : ചെങ്ങോടുമലയിലെ കരിങ്കൽ ഖനനത്തിനെതിരെ കഴിഞ്ഞ ഒന്നര വർഷക്കാലമായി നാട്ടുകാർ നടത്തിവരുന്ന സമരത്തിനുള്ള അംഗീകാരമാണ് ഖനനത്തിനുള്ള ഡി. ആൻറ്. ഒ ലൈസൻസ് അപേക്ഷ തള്ളിയ നടപടി. നാട്ടുകാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കളക്ടർ നിയോഗിച്ച സമിതി കണ്ടെത്തുകയായിരുന്നു. ഇതോടെ സ്വകാര്യ കമ്പനിക്ക് നൽകിയ പാരിസ്ഥിതികാനുമതിയും ചോദ്യം ചെയ്യപ്പെടുകയാണ്. പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെൽറ്റ ഗ്രൂപ്പ് തുടക്കം മുതലേ അനധികൃത പ്രവർത്തനങ്ങളാണ് ചെങ്ങോടുമലയിൽ നടത്തുന്നതെന്നാണ് സമരക്കാരുടെ ആരോപണം. ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുണ്ട്. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് മഞ്ഞൾ കൃഷിയുടെ മറവിലാണ് ക്വാറിക്ക് ശ്രമം നടത്തിയത്. പാരിസ്ഥിതികാനുമതിയും മാനദണ്ഡങ്ങൾ മറികടന്ന് സമ്പാദിച്ചു. വിദഗ്ധനില്ലാത്ത കമ്മിറ്റിയാണ് അനുമതി നൽകിയത്. സമിതിയിലെ ഡി. എഫ്. ഒ ഉൾപ്പെടെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്നത്തെ കലക്ടർ അനുമതി പുന:പരിശോധിക്കാൻ തയ്യാറായില്ല. തുടർന്ന് വളരെ ശക്തമായ സമരമാണ് നാട്ടുകാർ നടത്തിയത്. ആദ്യഘട്ടത്തിൽ മാറി നിന്ന രാഷ്ട്രീയക്കാരും പിന്നീട് സമരത്തോടൊപ്പം ചേർന്നിരുന്നു. ക്വാറി കമ്പനിയുടെ അപേക്ഷ തള്ളിയതോടെ ആക്ഷൻ കൗൺസിൽ കൂട്ടാലിട ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, വൈ: പ്രസിഡന്റ് കെ. കെ. ബാലൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഹമീദ്, സമരസമിതി കൺവീനർ സുരേഷ് ചീനിക്കൽ, ട്രഷറർ ബിജു കൊളക്കണ്ടി, രണ്ടാം വാർഡ് അംഗം മേപ്പാടി ശ്രീനിവാസൻ, എ. ദിവാകരൻ നായർ, എൻ. കെ. മധുസൂദനൻ, എം. കെ. അബ്ദുൾ സമദ്, എ. സി. സോമൻ, ലത മോഹനൻ, ലിനീഷ് നരയംകുളം, ടി. കെ. ബാലൻ മൂലാട്, രാജൻ അരമന എന്നിവർ സംസാരിച്ചു.