കോഴിക്കോട്: രാജ്യത്ത് ആദ്യമായി ഇ-ടോയ് ലറ്റുകൾ നടപ്പിലാക്കിയ കോഴിക്കോട് നഗരത്തിൽ ഇ-ടോയ് ലറ്റുകൾ പ്രവർത്തനക്ഷമമല്ലാതായിട്ട് ആറു മാസം. കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ടോയ് ലറ്റുകൾ സ്ഥാപിച്ച കമ്പനിക്ക് കരാർ പുതുക്കി നൽകാത്തതിനെ തുടർന്നാണ് ഇവയുടെ പ്രവർത്തനം നിലച്ചത്. കരാർ പുതുക്കാനുള്ള നടപടിക്രമങ്ങൾ കോർപറേഷൻ ആരംഭിച്ചുവെന്ന് പറയുമ്പോഴും ടോയ് ലറ്റുകൾ സ്ഥാപിച്ച കമ്പനിയും നഗരസഭയും തമ്മിലുള്ള കരാർ ഇതുവരെയും പുതുക്കിയിട്ടില്ല.
വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ വിപ്ലവകരമായ സമരത്തിന്റെ ഫലമായി ഏഴ് വർഷം മുമ്പാണ് കോഴിക്കോട് നഗരത്തിൽ ഇ-ടോയ് ലറ്റുകൾ സ്ഥാപിച്ചത്. നഗരത്തിലെ തിരക്കേറിയ പതിനഞ്ചിടങ്ങളിലാണ് ടോയ് ലറ്റുകളുള്ളത്. ഇറാം സൈന്റഫിക് സൊലൂഷനായിരുന്നു ടോയ് ലറ്റുകളുടെ നടത്തിപ്പ് ചുമതല. ഏഴു വർഷമായിരുന്നു കരാർ കാലാവധി. കഴിഞ്ഞ വർഷം അവസാനത്തോടെ കരാർ കാലാവധി അവസാനിച്ചു.
# ആരംഭിച്ചത് 2011ൽ
നഗരപരിധിയിലെ വിവിധ സ്ഥലങ്ങളിലായി 2011ലായിരുന്നു 15 ടോയ് ലറ്റുകൾ സ്ഥാപിച്ചത്. മാനാഞ്ചിറ സ്‌ക്വയർ, മുതലക്കുളം, മെഡിക്കൽ കോളേജ്, ഗവ. മോഡൽ ഹയർ സെക്കൻഡറി, കോഴിക്കോട് ബീച്ച്, ഒയിറ്റി റോഡ്, ബേപ്പൂർ, സരോവരം, ലോറി സ്റ്റാൻഡ് , അരീക്കാട്, കാരപ്പറമ്പ് എന്നിവിടങ്ങളിലാണ് ടോയ് ലറ്റുകൾ സ്ഥാപിച്ചത്. തുടക്കത്തിൽ പരാതികളൊന്നും ഇല്ലാതെ പ്രവർത്തിച്ച ഇ-ടോയ് ലറ്റുകളെക്കുറിച്ച് പിന്നീട് വ്യാപകമായി പരാതികൾ ഉയർന്നു. വെള്ളമില്ലെന്നും വൃത്തിഹീനമാണെന്നും ആക്ഷേപങ്ങളുയർന്നിരുന്നു. മുതലക്കുളം, ബീച്ച് തുടങ്ങിയ പൊതുസ്ഥലങ്ങളിലെ ശുചിമുറികൾ ഉപയോഗശൂന്യവും ബേപ്പൂർ, ബീച്ച് എന്നിവിടങ്ങളിലെ ടോയ് ലറ്റുകൾ സ്ഥാപിച്ചതുമുതൽ തകരാറിലുമായിരുന്നു. ആദ്യഘട്ടത്തിൽ ഒരു രൂപയായിരുന്നു ഇ-ടോയ് ലറ്റുകൾ ഉപയോഗിക്കുന്നതിന് ഈടാക്കിയിരുന്നത്. പിന്നീട് പ്രവേശനം സൗജന്യമാക്കി. ശുചിത്വമിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കരാർ കാലാവധി കഴിഞ്ഞതിനാൽ ടോയ് ലറ്റുകളുടെ പ്രവർത്തനം തുടരണമെങ്കിൽ പ്രതിവർഷം അറുപതിനായിരം രൂപ വീതം ഓരോ ശുചിമുറികൾക്കും നൽകണമെന്നാണ് കരാർ കമ്പനിയുടെ ആവശ്യം. ടോയ് ലറ്റുകൾക്ക് ഭീമമായി തുക നൽകേണ്ടത് കാരണം ധനവകുപ്പ് തുക അനുവദിക്കുന്നത് വൈകിയതാണ് കരാർ പുതുക്കൽ വൈകാനുള്ള കാരണമായതെന്നാണ് സൂചന. നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിനാണ് കരാറുമായി ബന്ധപ്പെട്ട ചുമതലയുള്ളത്. ഉപയോഗശൂന്യമായവ മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.