കോഴിക്കോട് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സജ്ജമായി കോഴിക്കോട് മെഡിക്കൽ കോളേജ്. പകർച്ച വ്യാധികളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ ആശുപത്രിയിൽ എത്തിത്തുടങ്ങി. നിലവിൽ മരുന്നുകൾ എത്തുന്നത് വൈകുന്നുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന മരുന്നുകളും സൗകര്യങ്ങളും ലഭ്യമാണ് .അത്യാഹിത വിഭാഗത്തിലേക്കാവശ്യമായ സലെെൻ, ബെറ്റാടിൻ, മുറിവുകൾ കെട്ടാനുപയോഗിക്കുന്ന തുണിത്തരങ്ങൾ മറ്റും സ്റ്റോക്ക് ഉണ്ട്. പെൻസിലിൻ മരുന്നിനു ക്ഷാമം നേരിട്ടെങ്കിലും അതും എത്തിത്തുടങ്ങി. മഴ കനത്തത്തോടെ നിരവധി പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തുന്നത്. ഇവരെ പ്രത്യേകം സജ്ജമാക്കിയ ഫീവർ വാർഡുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പനിബാധിച്ച്1019 പേരാണ് കഴിഞ്ഞ ദിവസം ജില്ലയിൽ ചികിത്സതേടിയത്. ഇതിൽ 44 പേർ കിടത്തിചികിത്സയിലാണ്. 14 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സതേടിയത്. രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. 238 പേർക്ക് വയറിളക്കവും ഒരാൾക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ജില്ലാ ആരോഗ്യ വിഭാഗം വിപുലമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ താലൂക്ക് ആശുപത്രികളിലും പനിചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണ്. . കൂടുതൽ മരുന്നുകൾ ആവശ്യം വരുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് അഡീ. ഡി..എം..ഒ ആശാദേവി അറിയിച്ചു.