കോഴിക്കോട്: ആദ്യമായി കടൽ കണ്ടപ്പോൾ മാളുക്കുട്ടിയുടെ കണ്ണുകൾ കടലിനേക്കാൾ വിടർന്നു. മാളുക്കുട്ടിക്കും കൂട്ടുകാർക്കും 'കടൽ' എന്നത് ഒരു സുന്ദര സ്വപ്നം മാത്രമായിരുന്നു. സ്വപ്നം കൺമുന്നിൽ വന്നപ്പോൾ അദ്യം അത്ഭുതമായി, പിന്നെ ആഹ്ലാദമായി. കൂട്ടത്തിലെ അഞ്ച് വയസുകാരൻ രാജേഷ് കടലിലിറങ്ങി കാല് നനച്ചപ്പോൾ കൂട്ടുകാരും ഇറങ്ങി. മുതിർന്നവർ പരിഭ്രമിച്ച് കേവലം കാഴ്ചക്കാർ മാത്രമായെങ്കിലും കുട്ടികൾ ഭയം കൂടാതെ കടൽത്തിരകളിലും മണലിലും സ്വയംമറന്ന് കളിച്ചു.
കട്ടിപ്പാറ ആദിവാസി കോളനിയിൽ നിന്നും കോഴിക്കോട് കടൽ കാണാനെത്തിയ 34 ആദിവാസി കുടുംബങ്ങളിൽ പെട്ടവരാണ് മാളുക്കുട്ടിയും കൂട്ടുകാരും. ഇവരുൾപ്പെടെയുള്ള ആദിവാസി ഊരുകളിലെ ജീവിതങ്ങൾക്ക് അത്ഭുതകാഴ്ച പകരുന്നതായിരുന്നു കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലേക്കുള്ള സന്ദർശനം. 'ആദ്യമായിട്ടാണ് കടൽ കാണുന്നത്, കടൽ എങ്ങനെയാണെന്ന് പോലും നേരത്തെ അറിയില്ല' എന്ന് ഇവരോടൊപ്പം എത്തിയ ബിന്ദു പറഞ്ഞു.
കട്ടിപ്പാറ ആയുർവേദ ഡിസ്‌പെൻസറിയും കട്ടിപ്പാറ ഗ്രാമപഞ്ചായത്തും ചേർന്നാണ് കോളനിയിലുള്ളവരെ കടൽ കാണിക്കാനെത്തിച്ചത്. ഹരികിരണം പദ്ധതിയുടെ ഭാഗമായാണിത്. പ്രസിഡന്റ് ബേബി രവീന്ദ്രൻ, നിതീഷ് കള്ളുള്ളത്തോടു, പി.സി തോമസ്, ബേബി ബാബു, ഡോ. കെ പ്രവീൺ, ഊരു മൂപ്പൻ കെ.ടി ചന്ദുകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.