കുന്ദമംഗലം: മഴ കനത്താൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് ഓഫീസ്. ഇനിയുമൊരു പ്രളയത്തെ അഭിമുഖീകരിക്കുവാൻ ഈ ഓഫീസിന് കഴിയില്ല. ചെത്തുകടവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് ഓഫീസ് കഴിഞ്ഞ മഴക്കാലത്ത് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി, തൊണ്ടി മുതലുകള്‍ വരെ ഒലിച്ചുപോയിരുന്നു. അതേതുടർന്ന് ഒന്നാം ഘട്ടം പ്രവൃത്തി പൂർത്തിയായ കുന്ദമംഗലം മിനി സിവില്‍സ്റ്റേഷനിലേക്ക് ഓഫീസ് അടിയന്തരമായി മാറ്റാൻ എം.എൽ.എ മുൻകൈഎടുത്ത് നടപടികൾ ആരംഭിച്ചിരുന്നു. മിനി സിവിൽ സ്റ്റേഷനിൽ ഒന്നാം നിലയിൽ വിശാലമായ ഓഫീസ് മുറികൾ അനുവദിക്കുകയും ഇലക്ടിസിറ്റി ബോർഡ് വൈദ്യുതി കണക്ഷനും നൽകിയിരുന്നു.എന്നാൽ മിനി സിവിൽ സ്റ്റേഷൻ ഒന്നാം ഘട്ടം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഓഫീസ് മാറ്റാന്‍ നടപടിയായിട്ടില്ല. കെട്ടിടത്തിന്റെ രണ്ടാംഘട്ടം നിർമ്മാണം ആരംഭിച്ചതോടെ മുകളില്‍ പണി നടക്കുമ്പോള്‍ താഴെ നിലയില്‍ ഓഫീസ് അനുവദിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അറിയിച്ചതോടെ ഓഫീസ് ആരംഭിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു. രണ്ടാം ഘട്ടത്തിലെ അഞ്ചാം നിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായി വരികയാണ്‌. പണി പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കുവാൻ മഴ അനുവദിച്ചെന്ന് വരില്ല. ചെത്തുകടവ് ചെറുപുഴയില്‍ വെള്ളം ഉയര്‍ന്നാല്‍ എക്സൈസ് ഓഫീസ് വീണ്ടും വെള്ളത്തിലാവും.