വടകര: മേമുണ്ട പാറക്കുളം ഡിവൈഎഫ്ഐ ശുചീകരിച്ചു. വർഷം മുഴുവൻ തെളിമയുള്ള ശുദ്ധജലം ലഭിക്കുന്ന കുന്നോത്ത് പാറയെ നൂറ് കണക്കിന് കുടുംബങ്ങളാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ കടുത്ത വേനലിലും ഈ പാറക്കുളം ജല സമൃദ്ധമായിരുന്നു. ഇതിൽ പ്രധാന തണ്ണീർത്തടത്തിന് തൊട്ടടുത്തായി റോഡിന് സമീപത്തായുള്ള ചെറിയ പാറക്കുളത്തിൽ അടുത്തിടെ കടകളിൽ നിന്നും വീടുകളിൽ നിന്നും വിവാഹം തുടങ്ങിയ ആഘോഷ വീടുകളിൽ നിന്നും ഉള്ള മാലിന്യം നിക്ഷേപിച്ച് ജലസ്രോതസ്സ് മലിനമായത് വലിയ വാർത്തയായിരുന്നു. ഇതിൽ മഴവെള്ളം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു . മഴ കനത്താൽ ഇതിൽ നിന്നുള്ള മലിനജലം പ്രധാന തണ്ണീർത്തടത്തിൽ എത്തുകയും ചെയ്യും. മേമുണ്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേമുണ്ടയിലെ പ്രവർത്തകർ മോട്ടോർ ഉപയോഗിച്ച് മലിനജലം വറ്റിച്ച് ജെ സി ബി ഉപയോഗിച്ച് മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു. പിന്നീട് പാറക്കുളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കി. ഭാവിയിൽ പാറക്കുളം മലിനമാക്കുന്നത് തടയാൻ ജാഗ്രത സമിതികൾ രൂപീകരിച്ചു. പാറക്കുളം മലിനമാക്കുന്നവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി കർശന നടപടികൾ എടുക്കണമെന്നും നാട് കടുത്ത വരൾച്ചയിലേക്ക് നീങ്ങുമ്പോൾ അവശേഷിക്കുന്ന ഇത്തരം തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനും വീണ്ടെടുക്കാനും നാട്ടുകാരും അധികൃതരും രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്ഐ മേമുണ്ട മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മേഖല സിക്രട്ടറി എം.കെ വികേഷ്, പ്രസിഡൻറ് രാഗേഷ് പുറ്റാറത്ത്, മേഖല കമ്മിറ്റി അംഗങ്ങളായ ദിവിൻ, സുബീഷ് മേമുണ്ട, സുബിഷ, അർജ്ജുൻ മേമുണ്ട, ദുർഗ്ഗേഷ്, നിധിൻ എ വി എം, വാർഡ് മെമ്പർ റീന എന്നിവർ നേതൃത്വം നൽകി.