കോഴിക്കോട്: പൊലീസുകാർ പോലും കൊലപാതകികളായി മാറുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ടി. രമ ആവശ്യപ്പെട്ടു. മഹിളാ മോർച്ച സംസ്ഥാന സമിതിയോഗം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിൽ സ്ത്രീ സുരക്ഷ തകർന്നിരിക്കുന്നു. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണുള്ളത്. അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കാതെ അതിന് പരോക്ഷ പ്രോത്സാഹനം നൽകുകയാണ് ആഭ്യന്തര വകുപ്പ്. വിദ്യാലയ പരിസരങ്ങൾ കഞ്ചാവിന്റെയും ലഹരി ഉൽപ്പന്നങ്ങളുടെയും വിൽപന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. സ്ത്രീ സമൂഹത്തിന്റെ സുരക്ഷ സർക്കാർ ഉറപ്പാക്കണം. പ്രസംഗത്തിന് പകരം പ്രാവർത്തികമാക്കാവുന്ന പദ്ധതികളിലൂടെ ജനഹൃദയത്തിലേക്ക് ഇറങ്ങിയതാണ് നരേന്ദ്രമോദി സർക്കാറിനെ ഭാരതം വീണ്ടും അധികാരത്തിലേറ്റാൻ കാരണമെന്ന് അവർ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം. ശാലീന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിവേദിത, സുമംഗലി മോഹൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ടി. ലീലാവതി, ഹേമലത, റീബാ വർക്കി, രമ്യമുരളി എന്നിവർ സംസാരിച്ചു. കേരളം സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഇടമായി മാറിയിരിക്കുന്നുവെന്ന് മഹിളാ മോർച്ച പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നു. ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. പെൺകുട്ടികൾ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ തൊണ്ണൂറു വയസു കഴിഞ്ഞ വൃദ്ധകൾ വരെ പീഡനത്തിനിരയാവുന്നു. സ്ത്രീസുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ അധികാരത്തിൽ തുടരുന്നത് സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണ്. സ്ത്രീ സമൂഹത്തിനെതിരെയുള്ള കയ്യേറ്റങ്ങൾക്ക് പീഡനങ്ങൾക്കുമെതിരെ ഫലപ്രദമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ മഹിളാമോർച്ച ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.