പേരാമ്പ്ര: സർക്കാർ നൽകിയ സർവരേഖകളോടും കൂടി സ്വന്തം ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ നിയമം ദുർവ്യാഖ്യാനം ചെയ്ത്‌ദ്രോഹിക്കാൻ ശ്രമിച്ചാൽ ശക്തിയായി നേരിടുമെന്നു കർഷകർ മുന്നറിയിപ്പു നൽകി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടികളുമായി നീങ്ങുന്ന വനം വകുപ്പിന്റെ നിലപാടിൽ ഇന്നലെ മുതുകാട് പാരീഷ് ഹാളിൽ ചേർന്ന കർഷക കൺവെൻഷൻ പ്രതിഷേധിച്ചു. മുതുകാട് മേഖലയിലെ സ്വകാര്യ ഭൂമികൾ വനം വകുപ്പിന്റേതാണെന്ന പുതിയ വാദഗതി ഉയർത്തി ഭൂമിയും കൃഷിയും കൈപ്പിടിയിലൊതുക്കാമെന്നത് വനം വകുപ്പിന്റെ വ്യാമോഹം മാത്രമാണ്. നാളെ ജില്ലാ കളക്ടർ വിളിച്ചിരിക്കുന്ന യോഗത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ പെരുവണ്ണാമൂഴിയിൽ ഫോറസ്റ്റ് ഓഫീസ് വേണമോയെന്നു കർഷകർ തീരുമാനിക്കുന്ന വൻ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മുതുകാട് പള്ളി വികാരി ഫാ.ജോസഫ് പൂതക്കുഴി കൺവെൻഷൻ ഉദ്ഘാനം ചെയ്തു. സംയുക്ത കർഷക സംഘടന ചെയർമാൻ ജിതേഷ് മുതുകാട് അദ്ധ്യക്ഷത വഹിച്ചു. ജോയി കണ്ണംചിറ, ഒ.ഡി തോമസ്, ഷൈലജയിംസ്, സെമിലി സുനിൽ, ഷീന റോബിൻ, ബാബു പൈകയിൽ, ജോർജ് കുംബ്ലാനി, ജീജോ വട്ടോത്ത്, വളയത്ത് പാപ്പച്ചൻ, മത്തായി മംഗലത്ത്,സെബാസ്റ്റ്യൻ വടക്കേക്കല്ലുങ്കൽ, പ്രമോദ് മുതുകാട്, പാപ്പച്ചൻ കീമറ്റം, ബോബൻ വെട്ടിക്കൽ, രാജേഷ് തറവട്ടത്ത്, സംയുക്ത കർഷകസംഘടന ഭാരവാഹികളായ വിനീത് പരുത്തിപ്പാറ, രാജൻ വർക്കി എന്നിവർ പ്രസംഗിച്ചു.