കോഴിക്കോട്: പശ്ചിമ ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണയേകി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഒരു മണിക്കൂറിലേറെ സമയം ഒ.പി. ബഹിഷ്കരിച്ചു. കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തിൽ രാവിലെ പത്തു മണിയോടെ ആരംഭിച്ച ഒ.പി. ബഹിഷ്കരണം പന്ത്രണ്ടുമണിയോടെയാണ് അവസാനിച്ചത്. ഈ സമയമത്രയും രോഗികൾ ഒ.പി.യിൽ ചികിത്സയ്ക്കായി കാത്തുനിൽക്കുകയായിരുന്നു. ഒ.പി.യിൽ രാവിലെ പത്തുമണിവരെ ഡോക്ടർമാർ കുറച്ചു രോഗികളെ പരിശോധിച്ചെങ്കിലും രാവിലെ എട്ടുമണി മുതൽ ക്യൂവിൽ കാത്തുനിന്ന തങ്ങളെയൊന്നും പരിശോധിച്ചില്ലെന്ന് രോഗികൾ പറഞ്ഞു. പിന്നീട് സമരം കഴിഞ്ഞശേഷം ഓർത്തോ, സർജറി, മെഡിസിൻ ഒ.പി. കളിൽ ആരംഭിച്ച പരിശോധന രണ്ടുമണിവരെ നീണ്ടുനിന്നു. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കിയിരുന്നു. പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തിൽ ഡോക്ടർമാരും പി.ജി. വിദ്യാർത്ഥികളും ഹൗസ് സർജൻമാരും നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.മോഹൻദാസ് നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ.നിർമ്മൽ ഭാസ്കർ, സി.ഇ.സി. മെമ്പർ ഡോ.ശ്രീകാന്ത്, ഡോ.വി.കെ.ഷമീർ, വൈസ് പ്രിൻസിപ്പൽ ഡോ.പ്രതാപ് സോമനാഥ്, സർജറി വിഭാഗം മേധാവി ഡോ.വി.കെ.ഗോപി, കേരള മെഡിക്കൽ പി.ജി. അസോസിയേഷൻ, കേരള ഹൗസ് സർജൻസ് അസോസിയേഷൻ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടത്തിയ പ്രകടനം ആശുപത്രി ഒ.പി.യ്ക്ക് മുന്നിൽ സമാപിച്ചു. അഞ്ഞൂറോളം ഡോക്ടർമാർ പ്രകടനം പങ്കെടുത്തു. ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ദേശീയതലത്തിൽ നിയമം വരേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെപറ്റിയാണ് യോഗം ഊന്നൽ നൽകിയത്.