പേരാമ്പ്ര : കരുവണ്ണൂർ എഫ്‌സിഐ ഗോഡൗണിൽ സംഘർഷം. റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പ്രവർത്തകരും ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികളും തമ്മിലാണ് സംഘർഷം നടന്നത്. പൊതുവിതരണ കേന്ദ്രങ്ങളിൽ അരി തൂക്കി ഇറക്കാത്തതുമായ് ബന്ധപ്പെട്ട് കട ഉടമകൾ ഗോഡൗണിലേക്ക് നടത്തിയ മാർച്ചിനും ധർണ്ണക്കും ശേഷമാണ് സംഘർഷം ഉണ്ടായത്. കയ്യാങ്കളിയിൽ പരുക്കേറ്റ് കയറ്റിറക്ക് തൊഴിലാളികളായ കെ.സി. ഗിരീഷ്, സി.കെ ബിനീഷ്, രാഗേഷ് നടുവണ്ണൂർ, പ്രമോദ് നരിക്കിലാട്ട്, സി.കെ. ബിജേഷ്, മുഹമ്മദ് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നേതാക്കളായ പുതുക്കോട്ട് രവീന്ദ്രൻ, സുധൻ ഊരള്ളൂർ, കെ.പി ആഷി എന്നിവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സമരത്തിനു ശേഷം പൊലീസിന്റെ അനുമതിയോടെ മാനേജരുമായി ചർച്ചക്ക് പോയ നേതാക്കളെ തൊഴിലാളികൾ മർദ്ദിക്കുകയായിരുന്നെന്ന് ഡീലർമാരും, ഗേറ്റ് ബലമായി തള്ളി തുറന്ന ഡീലർമാർ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികളും ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നാളെ ജില്ലയിലെ മുഴുവൻ പൊതുവിതരണ കേന്ദ്രങ്ങളും അടച്ചിടുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.