പേരാമ്പ്ര : കരുവണ്ണൂർ എൻഎഫ്എസ്എ ഗോഡൗണിൽ കയറ്റിറക്ക് തൊഴിലാളികൾ റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ മുഴുവൻ റേഷൻഷാപ്പുകളും അടച്ചിടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഇവിടുത്തെ തൊഴിലാളികൾ റേഷൻ വ്യാപാരികളെ ഭീഷണിപ്പെടുത്തി റേഷൻ സാധനങ്ങൾ തൂക്കാതെ ഇറക്കുന്നതിൽ പ്രതിഷേധിച്ച് റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവണ്ണൂർ എൻഎഫ്എസ്എ ഗോഡൗണിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തിയ ശേഷമാണ് മർദ്ദനമുണ്ടായതെന്ന് നേതാക്കൾ പറഞ്ഞു. ധർണ്ണക്കു ശേഷം പൊലീസിന്റെ അനുമതിയോടെ ഗോഡൗണിലെ വിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ കാണുന്നതിന് ഗെയ്റ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ച അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് പുതുക്കോട്ട് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് പി.വി. സുധൻ എന്നിവരുൾപ്പെട്ട അഞ്ചോളം പേരെ തൊഴിലാളികൾ അക്രമിച്ച് പരുക്കേല്പിക്കുയായിരുന്നെന്നും പുതുക്കോട്ട് രവീന്ദ്രനെയും സുധനെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർ പറഞ്ഞു. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റേഷന സാധനങ്ങൾ കൃത്യമായ അളവിൽ കടകളിൽ എത്തിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, സി.സി. കൃഷ്ണൻ, കെ. ജനാർദ്ദനൻ, യു. ഷിജു എന്നിവർ സംബന്ധിച്ചു.