മുക്കം: തോട്ടുമുക്കം അങ്ങാടിയിലെ അനധികൃത മദ്യവില്പനയ്ക്ക് എതിരായി രംഗത്ത് വന്നവർക്ക് മദ്യക്കച്ചവടക്കാരുടെ ഭീഷണി. പരസ്യമായി അങ്ങാടിയിൽ മദ്യവിൽപ്പന നടത്തുന്നത് എതിർക്കുകയും ആക്ഷൻ കമ്മിറ്റിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സജിത്, ദൃശ്യങ്ങൾ പകർത്തുകയും വാർത്ത നൽകുകയും ചെയ്ത റഫീഖ് തോട്ടുമുക്കംഎന്നിവർക്കെതിരെയാണ് നേരിട്ടും സമൂഹ മാദ്ധ്യമങ്ങൾ മുഖേനയും മദ്യവിൽപ്പനക്കാർ ഭീഷണി ഉയർത്തുന്നത്. അനധികൃത മദ്യവിൽപന വ്യാപകമാവുകയും സാമൂഹിക വിരുദ്ധ ശല്യം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തോട്ടുമുക്കത്ത് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇതിനെ തുടർന്ന് പ്രകോപിതരായ മദ്യവിൽപനക്കാരാണ് ആക്രമണത്തിനും ഭീഷണിക്കും പിന്നിലെന്ന് ആക്ഷൻ കമ്മിറ്റിക്കാർ പറയുന്നു. ഭീഷണിക്കിരയായ പൊതുപ്രവർത്തകൻ സജിത്ത് മുക്കം പൊലീസിൽ പരാതി നൽകി. അനധികൃത മദ്യവില്പനയുടെ ദൃശ്യങ്ങൾ പകർത്തി മാദ്ധ്യമങ്ങളിലൂടെ പുറത്തു വിട്ട ചാനൽ പ്രവർത്തകനായ റഫീഖ് തോട്ടുമുക്കത്തിനു നേരെയും ഭീഷണി ഉണ്ടായി. ഇദ്ദേഹം താമരശ്ശേരി ഡിവൈഎസ്പി ക്ക് പരാതി നൽകിയിരിക്കയാണ്. മദ്യക്കച്ചവടക്കാരുടെ ഭീഷണിയിലും അക്രമത്തിലും പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടുമുക്കം അങ്ങാടിയിൽ പ്രകടനം നടത്തി. മദ്യ വില്പനയ്ക്ക് ഒത്താശ ചെയ്യുന്ന വീട്ടുകാരും സ്ഥലമുടമകളും ആ പ്രവൃത്തിയിൽ നിന്ന് പിന്തിരിയണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ദൂരസ്ഥലങ്ങളിൽ നിന്നു വാഹനങ്ങളിൽ വന്ന് മദ്യം വാങ്ങുന്നവരെ നിരീക്ഷിക്കാനും ആക്ഷൻ കമ്മിറ്റി നടപടി ആരംഭിച്ചു.