വടകര : ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ മാന്യമല്ലാതെ പെരുമാറിയെന്ന പരാതിയുമായി നഗരസഭാ കൗണ്‍സിൽ യോഗത്തില്‍ കൗണ്‍സിലര്‍ രംഗത്ത്. വടകര നഗരസഭയിലെ വനിതാ ജെ.എച്ച്.ഐക്കെതിരെയാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ റീന ജയരാജ് പരാതിയുന്നയിച്ചത്. ഓഫീസില്‍ വെച്ച് അപമാനിക്കുന്ന രീതിയില്‍ ഉച്ചത്തില്‍ സംസാരിക്കുകയും ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് റീന കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ഇതേ ഉദ്യോഗസ്ഥ മുന്‍പ് മുസ്ലിംലീഗ് കൗണ്‍സിലര്‍ പി.കെ ജലാലിനെ അപമാനിച്ച് ഇറക്കി വിട്ടിരുന്നു. എന്നാല്‍ തന്നെ അപമാനിച്ചുവെന്ന് പറഞ്ഞ ജലാലിനെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമുണ്ടായി. ഇതിന്റെ കേസ് നടന്നു വരികയാണ്. കൗണ്‍സിലറെ അപമാനിച്ച ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതേ ഉദ്യോഗസ്ഥക്കെതിരെ താന്‍ പരാതി ഉന്നയിച്ചപ്പോള്‍ തനിക്കെതിരെ നിലപാടെടുക്കുകയാണ് ഭരണപക്ഷം ചെയ്തത്. തനിക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്യാന്‍ ഉദ്യോഗസ്ഥക്ക് ധൈര്യം കിട്ടിയത് നഗരസഭയുടെ ഭാഗത്തു നിന്നുള്ള പിന്തുണയാണെന്ന് ജലാല്‍ പറഞ്ഞു. വടകര നഗരത്തിലെ കച്ചവടക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇവര്‍ക്കെതിരെ പരാതി ഉന്നയിക്കുകയുണ്ടായി. ഉദ്യോഗസ്ഥയെ സ്ഥലംമാറ്റാനുള്ള നടപടി സ്വീകരിക്കണമെനും അദ്ദേഹം ആവശ്യപ്പെട്ടു. നഫ്സല്‍ എന്‍.പി.എം, പി. സഫിയ തുടങ്ങിയവരും ഉദ്യോഗസ്ഥയുടെ ധിക്കാര നടപടിയില്‍ പ്രതിഷേധിച്ചു. നഗരസഭയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ടി കേളു ചൂണ്ടിക്കാട്ടി. വടകര ട്രഷറിയുടെ പുതിയ കെട്ടിടത്തിന് നമ്പറിട്ടു നല്‍കുന്നതിന് നഗരസഭ അമാന്തം കാണിക്കുകയാണെന്ന് പരാതികള്‍ ഉയര്‍ന്നതായി എം സുരേഷ് ബാബു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ഡിപ്പോയോട് ചേര്‍ന്ന് നഗരസഭയുടെ അനുമതിയില്ലാതെ മൊബൈല്‍ ടവര്‍ നിര്‍മ്മാണം ആരംഭിച്ചതായി നഫ്സല്‍ എന്‍.പി.എം പറഞ്ഞു. ജനവാസം നിറഞ്ഞ മേഖലയില്‍ അനുമതിയില്ലാതെയാണ് ടവര്‍ നിര്‍മ്മിക്കുന്നത്. അഴിത്തല ഫിഷ്ലാന്റിംഗ് സെന്ററിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യത്തോട് അധികൃതര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണെന്ന് പി സഫിയ ചൂണ്ടിക്കാട്ടി. കടല്‍ക്ഷോഭം നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ പെട്ടെന്ന് തന്നെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആവിത്തോട്ടില്‍ വെള്ളം നിറഞ്ഞതില്‍ മണ്ണു നീക്കി വെള്ളം കടലിലേക്ക് ഒഴുക്കി വിടാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് മുഹമ്മദ് റാഫി ആവശ്യപ്പെട്ടു. സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടി അനന്തമായി നീളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വടകരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാണമെന്ന് എം ബിജു ആവശ്യപ്പെട്ടു. എം.പി അഹമ്മദ്, വനജ കെ.കെ, ഇ അരവിന്ദാക്ഷന്‍, വി ഗോപാലന്‍, എം.പി ഗംഗാധരന്‍, പി വത്സന്‍, വനജ കെ.കെ, എ കുഞ്ഞിരാമന്‍ എന്നിവരും സംസാരിച്ചു.