kunnamangalam-news

കുന്ദമംഗലം: 67 വയസ്സ് കഴിഞ്ഞു.പഠിക്കാൻ ഇപ്പോഴാണ് അവസരം വന്നത്. കുറ്റിക്കാട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ക്ളാസ് മുറിക്കു മുന്നിൽ പാഠപുസ്തകങ്ങളുമായി കണ്ണാഞ്ചേരി ബാലചന്ദ്രൻ എത്തുമ്പോൾ പഠിപ്പിക്കാനെത്തുന്ന അദ്ധ്യാപകന് ആവേശം.പ്ളസ് വൺ ജയിച്ചതിന്റെ ധൈര്യം ബാലചന്ദ്രനുമുണ്ട്.

പഠിക്കുന്നത് കളക്ടറാവാനൊന്നുമല്ല, സ്വപ്നസാഫല്യത്തിന് വേണ്ടി മാത്രം.

സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങളുണ്ടാക്കാൻ നല്ലവായന വേണമത്രെ.അതിനാണ് പഠിക്കുന്നതും വായിക്കുന്നതും.

പഠനത്തിൽ മിടുക്കനായിരുന്നു ബാലചന്ദ്രൻ. എട്ടാം ക്ലാസ് ജയിച്ചപ്പോൾ വീട്ടിലെ പ്രാരാബ്ധങ്ങൾ പഠനത്തിന് വിലങ്ങായി. അച്ഛന് സുഖമില്ലാതായപ്പോൾ മറുത്തൊന്നും ചിന്തിച്ചില്ല.പുസ്തകങ്ങൾ മാറ്റിവച്ച് കൽപ്പണിക്കിറങ്ങി.സ്ക്കൂളിലേക്ക് പോകാൻ കഴിഞ്ഞില്ല. പണികഴിഞ്ഞുവന്നാൽ വായന. കൈയ്യിൽ കിട്ടുന്നതെല്ലാം വായിച്ചുതള്ളി. മണ്ണെണ്ണ വിളക്കിന് മുമ്പിൽ പാതിരാ വരെ ഇരുന്ന് വായിക്കും. കോഴിക്കോട് പ്രഭാത് ബുക്ക് ഹൗസിൽ നിന്നായിരുന്നു പുസ്തകങ്ങൾ വാങ്ങിയിരുന്നത്.

എട്ടാംക്ലാസിൽ സ്കൂൾ മതിയാക്കിയെങ്കിലും ശാസ്ത്ര വിഷയങ്ങളിലുള്ള താൽപ്പര്യം വായനയിലൂടെ വളർന്നു.ലോട്ടറി വില്പനയും കൂലിപ്പണിയും സെക്യൂരിറ്റിപ്പണിയുമൊക്കെയായി നടന്ന നാൽപ്പതാം വയസ്സിൽ കേരള ശാസ്ത്ര കോൺഗ്രസ്സിൽ ബാലചന്ദ്രൻ പ്രത്യേക ക്ഷണിതാവായി.

1993 ൽ കോട്ടയത്തായിരുന്നു അ‌ഞ്ചാമത് ശാസ്ത്ര കോൺഗ്രസ്.ജലത്തിന്റെ ഉയർച്ചയിലും താഴ്ചയിലും ജലപ്പരപ്പിൽ തോണിക്കുണ്ടാകുന്ന ശക്തി ഉപയോഗിച്ച് ചക്രം കറക്കാമെന്നായിരുന്നു ബാലചന്ദ്രന്റെ പദ്ധതി. ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി സമിതിയിലെ ഉന്നതരുമായി ജലചക്രത്തെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും സാമ്പത്തിക ബാദ്ധ്യത കാരണം ആ സ്വപ്നം യാഥാർത്ഥ്യമായില്ല.

പിന്നെയും കാലം കഴിഞ്ഞു.അറുപത് പിന്നിട്ട കാലത്ത് 2014ലാണ് വീണ്ടും പാഠപുസ്തകങ്ങൾ കൈയ്യിലെടുത്തത്. ഒരാവേശത്തിന് പത്താം ക്ളാസ് തുല്യതാ ക്ലാസിൽ ചേർന്നു. അത് പാസായപ്പോൾ പിന്നെയും മോഹം. പ്ലസ് വൺ എഴുതിയാലോ? പക്ഷേ, ധൈര്യം വന്നില്ല.മാത്രമല്ല അടുത്ത സ്കൂളുകളിലൊന്നും പ്ളസ് വൺ തുല്യതയെഴുതാൻ സൗകര്യവുമില്ല. അങ്ങനെ നാലു വർഷം വീണ്ടും കഴിഞ്ഞു.

വീട്ടിൽ നിന്ന് പത്തു കിലോമീറ്റർ അകലെയുള്ള കുറ്റിക്കാട്ടൂർ ഗവ. ഹയർസെക്കൻഡറിയിൽ പ്ളസ് വൺ തുല്യതാ കോഴ്സ് ഉള്ള കാര്യം മനസ്സിലായി. രണ്ടാംശനിയിലും ഞായറാഴ്ചകളിലുമാണ് ക്ളാസ്. ക്ളാസിലെ അറുപത് കുട്ടികളിലെ ഏറ്റവും പ്രായം കൂടിയ 'കുട്ടി'. എല്ലാവർക്കും കൗതുകം. ഇംഗ്ളീഷിലായിരുന്നു പ്ളസ് വൺ എഴുതിയത്.എന്നിട്ടും 50ശതമാനം മാർക്ക് നേടി ഹ്യുമാനിറ്റീസിന്റെ ഉയരങ്ങൾ താണ്ടി. ഇപ്പോൾ പ്ലസ്ടു എഴുതാനുള്ള പഠനത്തിലാണ്.

ഭാര്യ ശ്രീമതിയും വിവാഹിതരായ രണ്ട് ആൺമക്കളും സർവ്വ പിന്തുണയും നൽകുന്നുണ്ട്. അതിനിടെ 2016 ൽ 'കാലഘട്ടം മാടിവിളിക്കുന്നു' എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. പ്ളസ് ടു കഴിഞ്ഞാൽ ബിരുദം.അങ്ങനെ നിലയ്ക്കാത്ത പഠനം.വായനയും. വിദ്യാധനം സർവധാനൽ പ്രധാനം എന്നത് പഴഞ്ചൊല്ലല്ല, പതിരില്ലാത്ത പ്രമാണമാണ് ബാലചന്ദ്രന്.