കോഴിക്കോട്: കടലിൽ മത്സ്യത്തൊഴിലാളികൾ വലയെറിയുന്നത് വെറുതെയാവുകയാണ്. സുലഭമായി കിട്ടിയിരുന്ന മത്തിയും അയിലയുമെല്ലാം കാണാമറയത്താണ്. ട്രോളിംഗ് നിരോധനം കൂടിയുള്ളതിനാൽ മത്സ്യത്തിന്റെ വിലയിലും വൻ വർദ്ധനവാണ്. പുറത്തുനിന്നെത്തുന്ന മത്സ്യങ്ങൾ മാർക്കറ്റ് കീഴടക്കുകയാണ്. മത്തിക്ക് കിലോയ്ക്ക് 240 ഉം അയിലക്ക് 200 രൂപയുമാണ് വില വരുന്നത്. മത്സ്യത്തിന്റെ ക്ഷാമം പരമ്പരാഗത തൊഴിലാളികൾക്കൊപ്പം തൊഴിൽ തേടിയെത്തിയ ഇതര സംസ്ഥാനക്കാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. പലരും മറ്റു തൊഴിൽ മേഖലയിലേക്ക് കുടിയേറുകയാണ്. ചിലർ നാട്ടിലേക്കു തിരിച്ച് പോയി.

വില്ലൻ കാലാവസസ്ഥ തന്നെ

കാലാവസ്ഥയിലുള്ള വ്യതിയാനവും മലിനീകരണവും അശാസ്ത്രീയ മത്സ്യബന്ധനവുമാണ് മത്സ്യലഭ്യത കുറയുവാനുള്ള പ്രധാന കാരണം. കേരളതീരത്തെ കടലിൽ ചൂടു കൂടുന്നത് കാരണം ഈ മത്സ്യങ്ങൾ ചൂടു കുറഞ്ഞ തീരങ്ങളിലേക്ക് മാറുന്നു. അതോടൊപ്പം തന്നെ മാലിന്യങ്ങളും മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കാണ് ഇക്കാര്യത്തിൽ ഏറ്റവും വില്ലൻ. കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മൂലം മറ്റ് ചെറുജീവികൾ ഇല്ലാതാകുകയും അത് മത്സ്യങ്ങളുടെ ആഹാര ശൃംഖലയെ തന്നെ ബാധിക്കുകയും ചെയ്യുന്നു. ഇപ്പോൾ പ്ലാസിറ്റിക്കിൽ നിന്നും മത്സ്യം വേർതിരിക്കേണ്ട ഗതികേടിലാണ് മത്സ്യതൊഴിലാളികളെന്ന് പരമ്പരാഗത മത്സ്യതൊഴിലാളികൾ പറയുന്നു. ഇതിനൊപ്പം തന്നെ ഭീഷണിയുയർത്തുന്നതാണ് അശാസ്ത്രീയമായ മത്സ്യ ബന്ധനം. ചെറിയ വലകളുപയോഗിച്ച് ചെറുമത്സ്യങ്ങളെ പിടിക്കുന്ന രീതിയാണിത്. വലകളിലെ കണ്ണികൾക്ക് വലിപ്പം കുറവായതിനാൽ ഇതിനകത്തു പെടുന്ന ചെറുമീനുകൾക്ക് രക്ഷപ്പെടാൻ സാധിക്കില്ല. ഇത്തരത്തിൽ ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെ 'ചപ്പ്' പിടിക്കുകയെന്നാണ് തൊഴിലാളികൾക്കിടയിൽ അറിയപ്പെടുന്നത്. ചെറുമത്സ്യങ്ങളെ പിടിക്കുന്നതോടെ വലിയ മത്സ്യങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത ഇല്ലാതാവും. ചെറുമത്സ്യങ്ങളെ പിടിച്ച് വിവിധ ഫാക്ടറികൾക്ക് നൽകുകയും പിന്നീട് ഇവ പന്നികൾക്കും കോഴികൾക്കുമുള്ള തീറ്റയായി മാറുമെന്നും മത്സ്യതൊഴിലാളികൾ പറയുന്നു. മീൻ കുഞ്ഞുങ്ങളെ പിടിക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും ഇതൊന്നും നിരീക്ഷിക്കാനും പിടികൂടാനും സംവിധാനമില്ല. വല്ലപ്പോഴും പിടികൂടിയാൽ പിഴയടച്ച് രക്ഷപ്പെടുകയാണ് പതിവ്. ഇത് പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.