കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 11 കിലോ 250 ഗ്രാം കഞ്ചാവ്, 6 ഗ്രാം ബ്രൗൺഷുഗർ എന്നിവ പിടിച്ചെടുത്തു. കോഴിക്കോട്, താമരശ്ശേരി, പയ്യോളി എന്നിവിടങ്ങളിലെ മൂന്ന് കേസുകളിലായാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

വിൽപനക്കായെത്തിച്ച 10 കിലോ കഞ്ചാവുമായി കർണാടക കൊപ്പാള സ്വദേശി അൻസാർ (28) നെയാണ് ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് നിന്നും പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് ട്രെയിൻ മാർഗമാണ് കഞ്ചാവ് കൊണ്ടുവന്നത്. റെയിൽവേ സ്റ്റേഷനിലിറങ്ങിയ ശേഷം ലിങ്ക്റോഡിലൂടെ വരുന്നതിനിടെയാണ് എക്സൈസ് അൻസാറിനെ പിടികൂടിയത്. അൻസാർ കഞ്ചാവുമായി കോഴിക്കോടെത്തുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എക്സൈസ് സ്‌ക്വാഡ് അൻസാറിനെ കണ്ടെത്തിയത്. സ്ഥിരമായി കഞ്ചാവ് കടത്തുകയും വിൽക്കുകയും ചെയ്യുന്ന ആളാണ് അൻസാർ. ഇതിന് മുൻപ് രണ്ടുതവണ ട്രെയിൻ മാർഗം കഞ്ചാവ് കടത്തിയിട്ടുണ്ട്. അൻസാർ ആർക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നതിനെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അൻസാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ സ്ഥിരമായി കോഴിക്കോട് കഞ്ചാവ് വിൽപന നടത്തുന്നവരെക്കുറിച്ച് അറിയാനാവുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ കരുതുന്നത്.

ഇന്ന് രാവിലെ 9 മണിയോടെ പയ്യോളിയിൽ വച്ചാണ് 6 ഗ്രാം ബ്രൗൺഷുഗറുമായി കൊയിലാണ്ടി സ്വദേശി റിയാസ് (39)നെ പിടികൂടിയത്. കണ്ണൂരിലും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ അടിവാരത്ത് നടത്തിയ വാഹനപരിശോധനയിലാണ് ബൈക്കിൽ കടത്തുകയായിരുന്ന 1 കിലോ 250 ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശി ഷംസീർ (40) പിടിയിലായത്. താമരശ്ശേരിയിൽ സ്ഥിരമായി കഞ്ചാവ് വിൽപന നടത്തുന്നതിൽ പ്രധാനിയാണ് ഷംസീർ.

ഡെപ്യൂട്ടി കമ്മീഷണർ വി.ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാർ, പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ ശരത്ബാബു, താമരശ്ശേരി സർക്കിൾ ഇൻസ്പെക്ടർ വേണു, ഐ.ബി ഇൻസ്പെക്ടർ സുധാകരൻ, ഇന്റലിജൻസ് ഫീൽഡ് ഓഫീസർമാരായ അബ്ദുൾ ഗഫൂർ, കെ.എൻ റിമേഷ്, യു.പി മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ റെനീഷ്, അനുരാജ്, വനിതാ എക്സൈസ് ഓഫീസർ സുജല എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.