കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നല്ലറിവ് കൂട്ടം വിദ്യാലയ പദ്ധതിയിൽ പങ്കാളികളായ ഡോക്ടർമാരെയും അദ്ധ്യാപകരെയും അനുമോദിക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ, നാഷനൽ ആയുർവേദിക് മിഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും കൂട്ടായ്മയിലൂടെ വിദ്യാലയങ്ങളിൽ എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതി നടപ്പിലാക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശേരി പറഞ്ഞു. നല്ലറിവ് കൂട്ടം ഒന്നാം ഘട്ടം വിജയകരമാക്കിയ 80 ഡോക്ടർമാരെയും ബി.ആർ.സിയിൽ നിന്നുള്ള അദ്ധ്യാപകരെയുമാണ് ചടങ്ങിൽ ആദരിച്ചത്. 2019 ജനുവരി 10 മുതൽ ഫിബ്രവരി 25. വരെ ജില്ലയിലെ യു.പി -ഹൈസ്‌കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കിയത്. ആരോഗ്യം,ഭക്ഷണ ശീലം എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ് യു പി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമായി നല്കിയിരുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി കൗമാര ആരോഗ്യ വിദ്യാഭ്യാസം, ജീവിത ശൈലി രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിച്ചിരുന്നു.
അനുമോദനചടങ്ങിൽ എജ്യുകെയർ കോർഡിനേറ്റർ അബ്ദുൾ നാസർ യു.കെ. സ്വഗതം പറഞ്ഞു ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ഡി.എം.ഒ (ആയുർവേദം) ഡോ. മൻസൂർ, ഡോ. രാഹുൽ ആർ, ഡയറ്റ് പ്രതിനിധി ബിന്ദു എ എന്നിവർ സംസാരിച്ചു ഡോക്യുമെന്ററി തയ്യാറാക്കിയ ഡോ .ഹന്ന അബ്ദുള്ള, ഡോ.സുബിൻ എന്നിവരെയും ആദരിച്ചു.