കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലെ 550 ഏക്കറോളം വരുന്ന ഭൂപ്രദേശം മുഴുവൻ ചെങ്കൽ മാഫിയയുടെ നിയന്ത്രണത്തിലാണ്. ജിയോളജി വകുപ്പിന്റെ നിയന്ത്രണമോ റവന്യു വകുപ്പിന്റെ അനുവാദമോ നാട്ടുകാരുടെ എതിർപ്പോ അവർക്ക് പ്രശ്നമല്ല. നാട്ടുകാരുടെ എതിർപ്പിനെ അവർ കായിക ബലം കൊണ്ട് നേരിടുമ്പോൾ സർക്കാർ സംവിധാനങ്ങളെ പണം കൊണ്ടാണ് അതിജീവിക്കുന്നത്.
ഇന്നലെ അപകടം ഉണ്ടായ കരിങ്കൽ ക്വാറിയ്ക്ക് ജിയോളജി വകുപ്പിന്റെയോ റവന്യു വകുപ്പിന്റെയോ അനുമതി ഉണ്ടായിരുന്നില്ല. ഇക്കാര്യം ജനങ്ങൾ പല തവണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. വ്യാപകമായ തോതിൽ പരാതി എത്തുമ്പോൾ ഉദ്യോഗസ്ഥർ ഒന്ന് സംഭവ സ്ഥലം സന്ദർശിക്കും. ഒന്നോ രണ്ടോ ദിവസം തത്ക്കാലം പ്രവൃത്തി നിറുത്തിവയ്ക്കും. പിന്നീട് പൂർവാധികം ശക്തിയോടെ പ്രവൃത്തി പുനരാരംഭിക്കും.ഇതിനിടയിൽ ലക്ഷങ്ങൾ ഉദ്യോഗസ്ഥരുടെ കൈകളിൽ എത്തിയിരിക്കും. പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കുകപോലുമില്ല. നാട്ടുകാരുടെ എതിർപ്പ് കായിക ബലം കൊണ്ടാണ് നേരിടുന്നത്. അടുത്ത കാലത്ത് ഒരു വ്യക്തിയുടെ വീടിനടുത്ത് ചെങ്കൽ ക്വാറി ആരംഭിക്കുന്നതിന് ശ്രമം നടത്തിയപ്പോൾ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചു. ക്വാറി ഉടമയുടെ പ്രതികരണം ധിക്കാരം നിറഞ്ഞതായിരുന്നു. നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ. ഞങ്ങൾ ക്വാറി ആരംഭിക്കുക തന്നെ ചെയ്യും. അധികൃതർക്ക് പരാതി കൊടുത്തിട്ട് കാര്യമില്ലെന്ന് അവർക്ക് അറിയാം. പണം വാരിയെറിഞ്ഞ് ഏത് നിയമവും അവർക്ക് അനുകൂലമായി മാറ്റും.
പിന്നെ ഏക പോംവഴി ജനകീയ പ്രക്ഷോഭമാണ്. ഇതിന് ആരും തയ്യാറാവുന്നുമില്ല. അയ്യോ ഞങ്ങളുടെ കുടുംബം പട്ടിണിയിലായിപ്പോവും. അപകടമുണ്ടായ ക്വാറി ആരുടെതാണെന്ന ചോദ്യത്തിന് മറുപടി നൽകാൻ പോലും നാട്ടുകാർക്ക് ഭയമാണ്. ഞങ്ങൾ ഇവിടെ ജീവിക്കുന്നവരാണ്. ഞങ്ങളാണ് പേര് നൽകിയതെന്ന് പറഞ്ഞ് ഗുണ്ടകൾ വരും. ജീവകാരുണ്യ പ്രവർത്തനമാണ് മാഫിയയുടെ മറ്റൊരു തന്ത്രം. ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത് കാരണം പലരും ക്വാറി ഉടമകളോടൊപ്പം നിൽക്കും. ഇത് കാരണം ഏത് പ്രശ്നം വന്നാലും ജനങ്ങൾ രണ്ട് തട്ടിലാവും.
ഇതെല്ലാം ചേരുമ്പോൾ ഒരു കാലത്ത് നല്ല കശുമാവിൻ തോട്ടങ്ങളായിരുന്ന പഴംപറമ്പ് പ്രദേശം ഇന്ന് ചെങ്കല്ല് വെട്ടിക്കഴിഞ്ഞ കുഴികളുടെ നാടായി മാറി. ചെങ്കൽ ഖനനം കഴിഞ്ഞാൽ മാഫിയ ഈ പ്രദേശം വിട്ട് മറ്റൊരു പ്രദേശത്തേക്ക് ചേക്കേറും. നഷ്ടം പഴംപറമ്പ് നിവാസികൾക്ക് മാത്രം.