കോഴിക്കോട്: പച്ചക്കറി വിൽപ്പനക്കിടയിൽ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന രാധാകൃഷ്ണന് ഒരേയൊര് ആഗ്രഹമേയുള്ളൂ അടച്ചുറപ്പുള്ള വീട്ടിൽ പുസ്തകങ്ങൾക്കായി ഒരു അലമാര വേണം. പച്ചക്കറി വിൽപ്പന രാധാകൃഷ്ണന്റെ ജീവിത മാർഗമാണ്, വായന ജീവിതവും. മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും കൃതികൾ രാധാകൃഷ്ണൻ വായിച്ചിട്ടുണ്ട്. 20 വർഷത്തിലേറെയായി പാളയം പച്ചക്കറി മാർക്കറ്റിലെ തൊഴിലാളിയാണ് പുതിയപാലം സ്വദേശിയായ ഇയാൾ. ഭാര്യ തൊട്ടടുത്ത് തന്നെ പച്ചക്കറികൾ വില്പന നടത്തുന്നുണ്ട്. പരന്ന വായ നയിലൂടെ മലയാളത്തിലെ എഴുത്ത്കാരുടെ കൃതികളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്. സർക്കാർ സ്‌കൂളിൽ പഠിച്ചു. പത്താംതരം പാസായിട്ടില്ല. പിന്നീട് നേരെ കടകളിൽ ജോലി ചെയ്യാൻ തുടങ്ങി. മാനാഞ്ചിറയിലെ സാഹിത്യ സംവാദങ്ങൾ കേൾക്കാൻ പോകുക പതിവാക്കി. വായനശാലകൾ കയറിയിറങ്ങി. കിട്ടുന്നതെല്ലാം വായിക്കുക പതിവായി. സർക്കാർ ജോലിയൊന്നും മനസ്സിൽ ഉദിച്ചില്ല. ഇത് തന്നെ എന്റെ ലോകമെന്ന് ഉറപ്പിച്ചു. ഇപ്പോൾ 60 വയസ്സാവാനായി.രണ്ട് മക്കളുണ്ട് അദ്ദേഹത്തിന്. അച്ഛൻ പളനിയപ്പൻ സേലത്ത് നിന്ന് വർഷങ്ങൾക്ക് മുമ്പേ കോഴിക്കോട് സ്ഥിര താമസമാക്കിയിരുന്നു. പാളയത്ത് സ്വന്തമായി ഒറ്റ മുറി പീടികയിൽ കച്ചവടം നടത്തിയെങ്കിലും മക്കൾക്കായി വീടുപോലും സമ്പാദിക്കാനായില്ലന്ന് രാധാകൃഷ്ണൻ പറഞ്ഞു.

എഴുത്തുകാരെ നേരിൽ കണ്ട് പുസ്തകത്തിൽ ഒപ്പ് വാങ്ങി സൂക്ഷിക്കും. എം.ടി.യുടെ ഒരോ കൃതികളിലെയും കഥാപാത്രങ്ങൾ തന്നോട് സംവദിക്കുന്നതായി തോന്നാറുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നു. രാധാകൃഷ്ണന് മാധവിക്കുട്ടിയുടെ കൃതികളിലെ കൃത്രിമമില്ലാത്ത ഒഴുക്ക് ഏറെ ഇഷ്ടമാണ്. ഇത് ആനന്ദിനുണ്ട്, എന്നാൽ മുകുന്ദന്റത് ഏച്ച് കെട്ടിയതും മുൻവിധിയടങ്ങിയതുമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

സേതുവും ആനന്ദും എക്‌സിക്യുട്ടീവ് കൃതികളുടെ ഉപജ്ഞാതാക്കളാണ്. വിജയനാണ് എഴുത്തിലെ കാല്പനികതയെ വേറിട്ട രീതിക്കായി ചാല് കീറിയത്. അവയെ പെട്ടെന്ന് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് . ഗുരുസാഗരവും ഖാസാക്കിന്റെ ഇതിഹാസവും വായിച്ചപ്പോൾ പിന്നീടെല്ലാം എളുപ്പമായി. അവ പിന്തുടർന്ന പുത്തൻ എഴുത്തുകാരുടെ കൃതികളിൽ സുഭാഷ് ചന്ദ്രനും മറ്റും പല രീതികളും അവലംബിക്കുന്നത് കാണുമ്പോൾ എം. കൃഷ്ണൻ നായരെ പോലുള്ളവരുടെ വാരഫലത്തിന്റെ അഭാവം കാണാനുണ്ട്.
തത്വചിന്തകളും ഓഷോ കൃതികളും രാധാകൃഷ്ണൻ അന്വേഷിച്ച് നടക്കും. മലയാളത്തിലിറങ്ങിയ ഓഷോ കൃതികളെല്ലാം വായിച്ച് കഴിഞ്ഞത്രേ. ഏറ്റവും പുതിയ ഇനം ഇംഗ്ലീഷ് മോട്ടിവേഷൻ കൃതിയായ 'സീക്രട്ടിന്റെ ' മലയാളം വാങ്ങി കഴിഞ്ഞു . ദിവസം പച്ചക്കറി വിറ്റാൽ മുതലാളി തരുന്നതിൽ നിന്നും പുസ്തകങ്ങൾക്കായി ഒരു ഭാഗം മാറ്റി വെക്കും . പഴയതായവ പുസ്തകക്കടക്കാർക്ക് തന്നെ ചെറിയ വിലക്ക് തിരിച്ച് വില്ക്കും. ചിലപ്പോൾ സുഹൃത്തുക്കൾ എടുത്ത് കൊണ്ട് പോകും. ഭാര്യക്ക് നോവൽ സാഹിത്യത്തിൽ താല്പര്യമില്ലെങ്കിലും ആദ്ധ്യാത്മിക പുസ്തകങ്ങളോട് ഇഷ്ടമാണ്. അവയും വാങ്ങും. ഇപ്പോഴും വാടക വീട്ടിൽ താമസിക്കുമ്പോൾ പുസ്തകങ്ങൾക്ക് വേണ്ടി ചിലവാക്കുന്നതിൽ ഭാര്യയ്ക്ക് നീരസമുണ്ടെന്ന് രാധാകൃഷ്ണൻ ഭാര്യയെ ചൂണ്ടിക്കാണിച്ച് കൊണ്ട് സമ്മതിച്ചു. രാത്രിയാണ് വായന.