കുറ്റ്യാടി: ഗതാഗത കുരുക്കും അപകടവും പതിവായ നാദാപുരം- കുറ്റ്യാടി സംസ്ഥാന പാതയിൽ ഏകദേശം ആറു കിലോമീറ്ററോളം ദൂരം കുറച്ച് വില്യാപ്പള്ളി വഴി വടകരയ്‌ക്കെത്താൻ വട്ടോളി- വില്യാപ്പള്ളി ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഒരു സെന്റ ഭൂമി പോലും അക്വിസിഷൻ നടത്തേണ്ട എന്നതും വളവും തിരിവും കുറവാണെന്നുള്ളതും കാര്യങ്ങൾ എളുപ്പമാക്കും. കുറ്റിയാടി നാദാപുരം സംസ്ഥാന പാതയ്ക്ക് സമാന്തരമായി വട്ടോളി ഗവ: യു പി സ്‌കൂൾ മുതൽ തണ്ണീർപ്പന്തൽ, വരെയുള്ള പതിനഞ്ച് കി.മീറ്ററോളം വരുന്ന കനാൽ റോഡ് യാഥാർത്ഥ്യമാവാൻ 75 ലക്ഷത്തോളം രൂപ ചിലവഴിക്കാനുള്ള പണി മാത്രമാണ് ബാക്കി. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ട ഈ പാതയുടെ തുടക്കത്തിൽ ഇപ്പോൾ ടാറിംഗ് പൂർത്തിയായി കഴിഞ്ഞു. ചെറിയ വാഹനങ്ങൾക്ക് ഏറെ സൗകര്യപ്രദമായ ഈ പാതയുടെ മൂന്നര കിലോമീറ്റർ കുന്നുമ്മൽ പള്ളി മുതൽ മധുകുന്നു വരെയുള്ള ഭാഗം കൂടി റോഡിന് ലഭിക്കേണ്ടതുണ്ട്. ചിലയിടങ്ങളിൽ സ്വകാര്യ വ്യക്തികൾ റോഡ് കൈയ്യേറ്റം നടത്തിയതായും പരാതിയുണ്ട്. ഇതു വീണ്ടെടുത്ത് കഴിഞ്ഞാൽ വലിയ വാഹനങ്ങൾക്കും ഇതുവഴി പോകാനാകും. മുൻ എം.എൽ.എ.കെ.കെ.ലതികയുടെ ആസ്തിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്തുലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. വട്ടോളി മുതൽ നിട്ടൂർ വരെയുള്ള ഭാഗത്താണ് ടാറിംഗ് പൂർത്തിയായത്.
മാടത്തിൽ താഴമുതൽ ടാറിംഗ് നടത്തി വീതീ കൂട്ടിയാൽ തണ്ണീർ പന്തലിൽ ചെന്നു കേറാൻ പറ്റുന്ന ഈ നിരത്തിന് വളവും, തിരിവും ഇല്ല എന്നുള്ളത് ഏറെ സൗകര്യപ്രദമാണ്. കനാലിന്റെ ഭാഗത്ത് സംരക്ഷണ വേലി കെട്ടി സുരക്ഷിതമാക്കൽ ഉൾപ്പെടെ ജലസേചന വകുപ്പിന്റെ സ്ഥലം കൈയ്യേറിയ സ്വകാര്യ വ്യക്തികളെ ഒഴിപ്പിക്കുന്നതും കടമ്പകളാണ്. റീസർവ്വേ നടത്തി സ്ഥലം വീണ്ടെടുക്കേണ്ട അവസ്ഥയും ഉണ്ട്. കനാൽ റോഡ് യാഥാർത്ഥ്യമാക്കാൻ അധികൃതർ താൽപ്പര്യമെടുക്കുന്നതോടെ ഏറെക്കുറെ കടമ്പകൾ കടക്കാനാവും. മാത്രവുമല്ല ഗതാഗത തടസ്സമില്ലാതെ വടകര ഭാഗത്തേക്കും, തിരിച്ചും നല്ല പാത ലഭിക്കുമെന്നതും നാട്ടുകാരുടെ താൽപ്പര്യം വർധിപ്പിക്കുന്നു. ബദൽ റോഡിനായുള്ള മുറവിളി ഉയർന്നിട്ട് കാലങ്ങളായെങ്കിലും ഒച്ചിന്റെ വേഗത്തിലാണ് നിർമ്മാണം നടക്കുന്നത്, നിരന്തരം അപകടങ്ങൾ വരുത്തുന്ന സംസ്ഥാന പാത 38 ന് ഏറെ ആശ്വാസകരമാണ് ഈ പാത.