കൊയിലാണ്ടി: നിർദ്ദിഷ്ട ഫിഷിംഗ് ഹാർബർ ആഗസ്റ്റ് ആദ്യവാരം ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് കെ.ദാസൻ എം എൽ എ കേരളകൗമുദി യോട് പറഞ്ഞു. 2008ൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ തറക്കല്ലിട്ട പദ്ധതി യാണിത്. 63 കോടി യിലധികം രൂപ ചെലവഴിച്ചാണ് ഹാർബർ നിർമ്മാണം പൂർത്തിയാക്കിയത്.
കൊയിലാണ്ടിയുടെ വികസനത്തിന് ശക്തമായ അടിത്തറ പണിയാൻ ഫിഷിംഗ് ഹാർബറിന് കഴിയുമെന്നാണ് പൊ തുവെ വിലയിരുത്തുന്നത്. മത്സ്യതൊഴിലാളികളുടെ നിരന്തരമായ ഇടപെടൽ തിരിച്ചറിഞ്ഞാണ് അന്നത്തെ സർക്കാർ പദ്ധതിക്ക് ഭരണാനുമതി നൽകിയത്. പല ഘട്ടങ്ങളിലും ഹാർബർ നിർമ്മാണവുമായി ബന്ധപ്പെട്ട് സാങ്കേതികവും അല്ലാത്തതുമായ പ്രശ്‌നങ്ങൾ ഉയർത്തി പ്രത്യക്ഷ സമരങ്ങൾ ഉയർന്ന് വന്നിരുന്നു. ഇത് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. അപ്പോഴല്ലാം ഇടപെടുകയും ഏവർക്കും സ്വീകാര്യമായ തീരുമാനം കൈക്കൊണ്ട് നിർമ്മാണ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്തിരുന്നു. ഹാർബറി ന് ആവശ്യമായ മുഴുവൻ സൗകര്യങ്ങള് ഒരുക്കി കഴിഞ്ഞു. ലാന്റിഗ്, കുടിവെള്ളം, ലേലപ്പുര, വൈദ്യുതി ഗതാഗതം, ടോയ്‌ലറ്റ് എല്ലാം പൂർത്തിയാക്കി. അവശേഷിക്കുന്ന ഡീസൽ പമ്പ് ,റിപ്പയർ സെന്റർ ,തുടങ്ങിയവ ഹാർബർ പ്രവർത്തനക്ഷമമാകുന്നതോടെ നിർമ്മിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ഹാർബർ പ്രവർത്തനക്ഷമമാകുന്നതോടെ കൊയിലാണ്ടി അഭൂതപൂർവമായ വികസനത്തിന് തയ്യാറാകും. മത്സ്യമേഖലയെ ആശ്രയിച്ച് നിലനിൽക്കുന്ന പ്രദേശമാണ് കൊയിലാണ്ടി. ആയിരക്കണക്കിന് കടുംബങ്ങൾക്ക് നേരിട്ടും അതിലേറെ വിഭാഗങ്ങൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ഹാർബർ കമ്മീഷൻ ചെയ്താൽ വടകര കോഴിക്കോട് ഭാഗത്തുള്ള വള്ളങ്ങളും ബോട്ടുകളും കൊയിലാണ്ടിയിലെത്തും.വിവിധ മാർക്കറ്റുകളിലേക്ക് മത്സ്യം കയറ്റുവതി ചെയ്യാൻ കൊയിലാണ്ടിക്ക് കഴിയും. മത്സ്യവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായവും ഇവിടെ വളർന്ന വരും. അതിന് അനുയോജ്യമായ പുതിയ വിദ്യാഭ്യാസ സംവിധാനങ്ങളും കൊയിലാണ്ടിയിൽ ഉയർന്ന വരുമെന്ന് ദാസൻ പറഞ്ഞു.