കോഴിക്കോട്: കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സമിതി, പ്രകൃതി സംരക്ഷണ സമിതി,സേവ്, ദർശനം സാംസ്കാരിക വേദി, കെയർ നെറ്റ്, വയനാട് ചുരം സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ചുരത്തിൽ വിദ്യാർഥികളുടെ ജൈവവൈവിധ്യ പഠനയാത്ര ജൂലായ് 13 ന് നടത്തും. 'മഴ അറിയാം, മധു നുകരാം' എന്നതാണ് ഇത്തവണത്തെ യാത്രയുടെ മുദ്രാവാക്യം. കോഴിക്കോട്,വയനാട് ജില്ലകളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്രയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാലയങ്ങൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പേരുവിവരം എഴുതി പ്രധാനാദ്ധ്യാപകൻ ഒപ്പുവെച്ച രേഖകൾ സഹിതം 9.30 ന് ലക്കിടി ഓറിയൻറൽ സ്കൂൾ ഒഫ് ഹോട്ടൽ മാനേജ്മെന്റിൽ എത്തണം. 10 മണിക്ക് യാത്ര ആരംഭിക്കും. ലക്കിടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ചുരത്തിൽ ആറാം വളവിൽ സമാപിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്ക് സമ്മാനങ്ങൾ നൽകും. യാത്രയുടെ പ്രചരണാർത്ഥം ജൂലായ് ആറിന് പ്രകൃതി -ഊർജ മെഗാ ക്വിസ് സംഘടിപ്പിക്കും. യാത്രയുടെ വിജയത്തിനായി ആഭ്യന്തരം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണം തേടും. യാത്രയുടെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിൽ പ്രൊഫ. ശോഭീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ, എം എ ജോൺസൺ, പി രമേശ് ബാബു, ഡോ. സി എ റസാഖ്, കെ പി യു അലി, അബ്ദുള്ള സൽമാൻ, എ കെ റഫീഖ്, മജീദ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.