കോഴിക്കോട്: ചരിത്രം സൃഷ്ടിച്ച മലബാറിലെ ആദ്യ പെൺപള്ളിക്കൂടം സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടം ഇനിയില്ല. മദർ ഒഫ് ഗോഡ് പള്ളിക്കുസമീപമുള്ള ഈ കെട്ടിടം കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതലാണ് പൊളിച്ച് നീക്കാൻ തുടങ്ങിയത്. ഏഴാം ക്ലാസുമുതലുള്ള 19 ക്ലാസ് മുറികൾ പൊളിച്ചു മാറ്റി കൂടുതൽ ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടമാണ് ഇനി ഇവിടെ ഉയരുന്നത്. ബീച്ചിനോട് ചേർന്നാണ് ചരിത്രം അവകാശപ്പെടാവുന്ന ആ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1862 ൽ സ്ഥാപിച്ച യൂറോപ്യൻ മാതൃകയിലുള്ള കെട്ടിടം പുരാതന ഇന്ത്യോ യൂറോപ്യൻ വാസ്തുശിൽപ രീതികളോട് സാമ്യമുള്ള മനോഹരമായ മിനുക്കുപണികളുള്ള ഈ കെട്ടിടം ഒരു സ്‌കൂളാണ്. ആദ്യകാലത്ത് രണ്ടുനിലകളുള്ള കെട്ടിടങ്ങളിൽ താഴെനില ക്ലാസ് മുറികളും മേൽനില ഹോസ്റ്റലുമായിരുന്നു. കാലപ്പഴക്കമുള്ള കെട്ടിടത്തിൻെറ ചുമരുകളും തറകളും ഓരോന്നായി പൊളിച്ചു. മുൻവശത്തെ ആർച്ചുകളും വെട്ടുകല്ലിൽ തീർത്ത തൂണുകളും ചുറ്റുവട്ടത്തെ ഏതാനും മരങ്ങളും പിഴുതുനീക്കിത്തുടങ്ങി.
156 വർഷത്തിൻെറ പഴക്കം ഇവിടുത്തെ കെട്ടിടങ്ങൾക്കുണ്ട്. മലബാറിൽ സ്ത്രീകളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി തുടങ്ങിയതാണ് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. കോഴിക്കോട് അവശേഷിക്കുന്ന ഏതാനും പൈതൃക നിർമ്മിതികളിൽ ഒന്നാണ് ഈ സ്‌കൂൾ കെട്ടിടം. സ്‌കൂൾ ഏറ്റെടുത്ത് ചരിത്ര സ്മാരകമായി സംരക്ഷിക്കാൻ പുരാവസ്തു വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. അത് കൊണ്ട് തന്നെ വിദ്യാലയത്തെ സംരക്ഷിക്കണമെന്ന് പലകോണിൽ നിന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. സ്‌കൂൾ കെട്ടിടം പൊളിക്കരുതെന്ന് നേരത്തെ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചിരുന്നു.
രണ്ടുമാസം മുമ്പ് നടന്ന ഹിയറിങ്ങിൽ സ്‌കൂളിന് 98 വർഷം മാത്രമേ പഴക്കമുള്ളുവെന്നും അതിനാൽ പൈതൃകമൂല്യം ഇല്ലെന്നും സ്‌കൂൾ അധികൃതർ വിശദീകരിച്ചു. തുടർന്നാണ് കെട്ടിടം പൊളിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റാനുള്ള മാനേജ്‌മെൻെറ് ശ്രമത്തിനെതിരെ പൂർവ്വവിദ്യാർത്ഥികളും കോഴിക്കോട് ഹെറിറ്റേജ് വാക്ക് എന്ന സംഘടനയും രംഗത്ത് വരുകയും ആർക്കിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയ്ക്ക് ഓൺലൈൻ വഴി പരാതി സമർപ്പിക്കുകയും ചെയ്തു. പൈതൃകമന്ദിരം പൊളിക്കുന്നത് തടയുക എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ വൻ ക്യാംപെയിനും നടത്തി. അപ്പസ്‌തോലിക് കാർമ്മൽ സന്യാസ സഭാംഗമായ മദർ വെറോനിക്ക 1862ലാണ് സ്‌കൂൾ സ്ഥാപിച്ചത്. എന്നാൽ നിലവിലുള്ള കെട്ടിടം 1920ൽ സ്ഥാപിച്ചതാണെന്നാണ് സ്‌കൂൾ അധികൃതരുടെയും പി ടി എയുടെയും വാദം. അതേസമയം സ്‌കൂളിന് നൂറുവർഷത്തിലേറെ പഴക്കമുണ്ടെന്നും മലബാറിലെ ആദ്യത്തെ ഗേൾസ് സ്‌കൂളാണിതെന്നും സ്‌കൂൾ വെബ്സൈറ്റിൽ നിന്നുതന്നെ വ്യക്തമാണ്. 1968ലെ പുരാവസ്തു നിയമ പ്രകാരം കെട്ടിടത്തിൻെറ സംരക്ഷണം ഏറ്റെടുക്കാൻ കഴിഞ്ഞ വർഷം ജൂലൈയിൽ സംസ്ഥാന പുരാവസ്തു വകുപ്പ് പ്രാഥമിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു. സ്‌കൂൾ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാതെ ചരിത്ര പ്രാധാന്യം നിലനിറുത്തി സംരക്ഷിക്കുകയായിരുന്നു പുരാവസ്തു വകുപ്പിന്റെ ലക്ഷ്യം. എന്നാൽ 100 വർഷം ആയില്ലെന്നു കാണിച്ച് സ്‌കൂൾ അധികൃതർ രേഖകൾ നൽകിയിരുന്നു. തുടർന്നാണ് ആദ്യവിജ്ഞാപനം തിരുത്തേണ്ടി വന്നത്.