പേരാമ്പ്ര : നഗരസൗന്ദര്യവത്കരണ പ്രവൃത്തിയുടെ ഭാഗമായി പാലങ്ങളുടെ പ്രവൃത്തി നടക്കുന്ന പേരാമ്പ്ര പട്ടണത്തിൽ നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങൾക്ക് ഇന്നുു മുതൽ മാറ്റം വരുത്തുവാൻ ഗ്രാമപഞ്ചായത്തിൽ ചേർന്ന ട്രാഫിക് അഡൈ്വൈസറി കമ്മിറ്റി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത്, പൊലീസ്, ട്രാഫിക് അധികാരികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി, വ്യാപാരി വ്യവസായി പ്രതിനിധികളും പങ്കെടുത്തു. യോഗ തീരുമാന പ്രകാരം കോഴിക്കോട് ഭാഗത്തേക്കുള്ള നാല് ചക്ര വാഹനങ്ങൾ പൈതോത്ത് ബൈപ്പാസ് ചെമ്പ്ര റോഡ് വഴി (ബസ് സ്റ്റാന്റ് ഉപയോഗിക്കാതെ) പോകണം. വടകര, കൊയിലാണ്ടി ഭാഗത്ത് നിന്നുള്ള ബസുകൾ വാല്യക്കോട് കനാൽ റോഡ് വഴി സ്റ്റാന്റിൽ വരുകയും തിരിച്ച് മെയിൻ റോഡ് വഴി പോവുകയും ചെയ്യണം. ചാനിയം കടവ് വഴി വരുന്ന ബസുകൾ മൊട്ടന്തറമുക്ക് വഴി പൈതോത്ത് റോഡ് ബൈപ്പാസ് വഴി ചെമ്പ്ര റോഡിൽ ഇടത്തോട്ട് കയറി ആളെ ഇറക്കണം. പഞ്ചായത്ത് ഓഫീസിൽ നിന്ന് മെയിൻ റോഡിലേക്ക് യാതൊരു വാഹനങ്ങളും പ്രവേശിക്കരുത്. മെയിൻ റോഡിൽ നിന്ന് പ്രസിഡൻസി റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീനയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പേരാമ്പ്ര പൊലീസ് ഇൻസ്‌പെക്ടർ കെ.കെ. ബിജു, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.പി. സാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരൻ നമ്പ്യാർ, അസി. സെക്രട്ടറി വി.വി. രാജീവൻ, എ കെ ചന്ദ്രൻ മാസ്റ്റർ, രാജൻ മരുതേരി, മനോജ് പരാണ്ടി, വി.പി. അബ്ദു റഹ്മാൻ, സി.കെ. ഷാജു, ഒ.ടി. രാജു, സുരേഷ് ബാബു കൈലാസ്, ഒ.പി. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ട്രാഫിക് അഡ്വസറി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.