നാദാപുരം: ചേലക്കാട് ടൗണിനടുത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി അനധികൃതമെന്ന് റവന്യു വകുപ്പ് അധികൃതർ. ക്വാറിയിൽ നിന്ന് കരിങ്കല്ലുമായി പോയ എട്ട് ടിപ്പർ ലോറികൾ റവന്യൂ അധികൃതർ പിടികൂടി നാദാപുരം പൊലീസിൽ ഏല്പിച്ചു. ഗ്രാമ പഞ്ചായത്തിൽ നിന്നും ക്വാറിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും എന്നാൽ ജിയോളജി വകുപ്പിൽ നിന്നുള്ള അനുമതി ഇല്ലാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും നാദാപുരം ഗ്രാമ പഞ്ചായത്ത് അധികൃതർ പറഞ്ഞു. വടകര താഹസിൽദാർ രഞ്ജിത്ത്, ഡെപ്യൂട്ടി തഹ്‌സിൽദാർ സുധീർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇന്നലെ ക്വാറിക്കെതിരെ നടപടികളുമായി രംഗത്തെത്തിയത്. എന്നാൽ ക്വാറിയുടെ പ്രവർത്തനം നിർത്തി വെക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നാദാപുരം, കുന്നുമ്മൽ ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഈ ക്വാറിയിൽ നിന്ന് ദിവസവും 60 മുതൽ 100 വരെ കരിങ്കൽ ലോഡുകളാണ് പുറത്തേക്ക് പോയിക്കൊണ്ടിരുന്നതെന്ന് പരിസര വാസികൾ പറഞ്ഞു. രണ്ടു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഏകർ കണക്കിന് വരുന്ന ക്വാറിയുടെ വിസ്തീർണമോ അതിർത്തിയോ ഇരു പഞ്ചായത്തുകളിലേയും അധികൃതർക്ക് അറിയില്ല. മുപ്പത് വർഷത്തോളമായി പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് ഓരോ ദിവസവും പൊട്ടിച്ചെടുക്കുന്ന കരിങ്കല്ലിന്റെ അളവിനെപ്പറ്റിയും ഇവർക്ക് അറിവൊന്നുമില്ല അതിനാൽ തന്നെ ഏതു ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട ഭാഗത്താണ് കരിങ്കൽ ഖനനം നടക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ അന്വേഷിക്കുന്ന പതിവില്ല. അതിനാൽ തന്നെ വൻ വരുമാന നഷ്ടമാണ് സംഭവിക്കുന്നത്. റവന്യു അധികൃതരാണ് അതിർത്തി നിർണയം നടത്തേണ്ടതെന്ന നിലപാടാണ് ഗ്രാമ പഞ്ചായത്തുകൾക്ക് . ഡിറ്റണേറ്ററും വെടിമരുന്നും ഉപയോഗിച്ചാണ് ക്വാറിയിൽ നിന്നും കരിങ്കല്ലുകൾ പൊട്ടിച്ചെടുക്കുന്നത്. ലോഡ് കണക്കിന് കരി കരിങ്കല്ലുകൾ പൊട്ടിച്ചെടുക്കാൻ വൻ തോതിൽ സ്‌ഫോ'ടക വസ്തുക്കൾ വേണം. ഖ ന നാനുമതി ലഭിച്ചിട്ടില്ലാത്ത ക്വാറിയിലേക്ക് എത്തുന്ന ഈ സ്‌ഫോടക വസ്തുക്കളുടെ ഉറവിടത്തെ പറ്റിയുള്ള അന്വേഷണം നടത്താൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകാത്തത് ക്വാറി ഉടമകൾക്ക് അനുഗ്രഹമായി മാറുകയാണ്. ചേലക്കാട് ഭാഗത്ത് വൻതോതിൽ ആയുധങ്ങൾ ശേഖരിച്ചു വെച്ചിട്ടുണ്ടന്ന് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും നിരവധി തവണ ഒളിപ്പിച്ചു വെച്ച നിലയിൽ ബോംബ് ശേഖരം കണ്ടെത്തിയിട്ടുണ്ട്. ചേലക്കാടി നടുത്ത നരിക്കാട്ടേരിയിൽ സ്റ്റീൽ ബോംബുകൾ നിർമ്മിക്കുന്നതിനിടയിൽ സ്‌ഫോടനം നടന്ന് അഞ്ചു പേർ മരിക്കാനിടയായ സംഭവം നടന്നിട്ട് അധിക വർഷങ്ങൾ ആയിട്ടില്ല. ഇവിടെ വീടുകൾക്ക് നേരെയും മറ്റും ആക്രമങ്ങൾ അഴിച്ചു വിടാൻ നൂതന രീതിയിലുള്ള ബോംബുകൾ ഉപയോഗിച്ചിരുന്നത് ആശങ്കയോടെയാണ് ജനങ്ങൾ കാണുന്നത്.
ഈ സാഹചര്യത്തിൽ അത്യന്തം സെൻസിറ്റീവ് ആയ ഈ പ്രദേശത്തെ ക്വാറിയിലേക്ക് സ്‌ഫോടകവസ്തുക്കൾ ദിവസവും എത്തിച്ചേരുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തേണ്ട ബാദ്ധ്യത പൊലീസിനുണ്ട്. ജിയോളജി വകുപ്പിൽ നിന്നുള്ള അനുമതി ഇല്ലാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടും ക്വാറിയുടെ പ്രവർത്തനം നിർത്തി വെപ്പിക്കാൻ തയ്യാറാകാത്ത റവന്യൂ അധികൃതരുടെ നിലപാടിലും ദുരൂഹത ഉണ്ട്.