കോഴിക്കോട്: പൊലീസിനെ കുറ്റവാളിയാക്കുന്ന സമൂഹവും മാദ്ധ്യമങ്ങളുമാണ് ചുറ്റിലുമുള്ളതെന്നും നമ്മുടെ ഭാഗത്ത് സത്യമുണ്ടെങ്കിൽ ഏത് ബ്രേക്കിംഗ് ന്യൂസിനെയും അതിജീവിക്കാൻ സാധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി എ.വി ജോർജ്ജ് പറഞ്ഞു. 36ാമത് കോഴിക്കോട് സിറ്റി പൊലീസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസുകാർക്ക് അവരുടെ ആത്മാഭിമാനം കളയുന്ന ജോലി ചെയ്യേണ്ട ആവശ്യമില്ല. സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പുറമെ വീട്ടുപ്രശ്നങ്ങളും പൊലീസുകാർക്കുണ്ടാകും. അതിനെ മറികടക്കാൻ സാധിക്കണം. മനസാക്ഷിക്ക് നിരക്കുന്ന പ്രവർത്തനം ചെയ്താൽ ആരെയും ഭയക്കേണ്ടതില്ല. സത്യസന്ധമായി ജോലി ചെയ്യുന്നവർ ടെൻഷനടിക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ മാദ്ധ്യമങ്ങളിലൂടെ വിളിച്ചുപറയുന്നത് മാനക്കേടുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചിന്താവളപ്പ് മജസ്റ്റിക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ സമ്മേളനത്തിൽ കെ.പി.എ കോഴിക്കോട് സിറ്റി പ്രസിഡന്റ് വി.പി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ചലചിത്ര സംവിധായകൻ രജ്ഞിത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. കുട്ടികളിലെ കാക്കി പേടി മാറാൻ ആഴ്ച്ചയിൽ ഒരു ദിവസം സ്‌കൂളുകളിൽ പൊലീസ് ഓഫീസറുടെ ക്ലാസ് വേണമെന്ന നിർദേശം അദ്ദേഹം മുന്നോട്ട് വെച്ചു. ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ പാക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം രജ്ഞിത്ത് നിർവഹിച്ചു. പി.ജി അനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജി.എസ് ശ്രീജിഷ് പ്രവർത്തന റിപ്പോർട്ടും എം.ജി രാജീവ് കണക്ക് അവതരണവും നടത്തി. കെ.ടി മുഹമ്മദ് സബീർ പ്രമേയമവതരിപ്പിച്ചു. എ.എസ് സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ എ.കെ ജമാലുദ്ദീൻ, കെ.പി അബ്ദുൽറസാഖ്, കെ അഷ്റഫ്, എ.ജെ ബാബു, ഇ.പി പ്രിഥ്വിരാജ്, കെ സുദർശൻ, എസ് ഷൈജു, പി.ടി മുരളീധരൻ, സണ്ണി ജോസഫ്, പി മുഹമ്മദ് എന്നിവർ സംസാരിച്ചു. എൻ നവീൻ സ്വാഗതവും എസ് ഗീതാന്ദൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച പൊലീസുകാർക്ക് ഉപഹാരങ്ങൾ കൈമാറി.