വടകര: കോഴിക്കോട് ജില്ലയിൽ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ്,ഗ്രീൻ ക്ലീൻ കോഴിക്കോട്, സോഷ്യൽ ഫോറസ്ട്രി എന്നിവയുമായി ചേർന്ന് നടപ്പാക്കുന്ന 'തണൽ വഴികൾ' പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഗ്രീൻ അംബാസിഡർ കോർഡിനേറ്റർ ശില്പശാലകൾക്ക് സമാപനമായി. സമാപന ശില്പശാലയുടെ ഉദ്ഘാടനവും അവാർഡ് ദാനവും വടകര സെന്റ് ആന്റണീസ് ജെബി സ്കൂളിൽ പ്രൊഫ. ശോഭീന്ദ്രൻ നിർവഹിച്ചു. സേവ് ജില്ലാ കോർഡിനേറ്റർ വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എഇഒ ടിഎം രാജീവൻ മുഖ്യാതിഥി ആയിരുന്നു. എൻജിനീയർ ഇക്ബാൽ പദ്ധതി വിശദീകരിച്ചു. സോയിൽ കൺസർവേഷൻ ഓഫീസർ ടി ജയഗോവിന്ദൻ, സിസ്റ്റർ ലിമ, അബ്ദുള്ള സൽമാൻ, ഷൗക്കത്ത് അലി എരോത്ത്, കെ രമ്യ, വി കെ ദീപേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ ഓരോ സ്കൂളും 50 വീതം വൃക്ഷത്തൈകൾ സ്കൂളിനടുത്തുള്ള റോഡിന് ഇരുവശവും നട്ടു പരിപാലിക്കുകയാണ് ആണ് ഈ പദ്ധതി പ്രകാരം ചെയ്യുക. വൃക്ഷത്തൈകൾ പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താൻ ഓരോ മൂന്നു മാസവും ഇതിൻറെ വളർച്ച സൂചിപ്പിക്കുന്ന ഫോട്ടോ എടുത്ത് www.greencleanearth.org എന്ന വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ അമ്പതിനായിരം വൃക്ഷത്തൈകൾ പരിപാലിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. വിദ്യാലയങ്ങൾക്ക് പുറമേ മറ്റു സന്നദ്ധ സംഘടനകളും ചേർന്ന് ജില്ലയിൽ നിന്നും ഒരു ലക്ഷം തൈകളുടെ പടങ്ങൾ ഗ്രീൻ ക്ലീൻ കോഴിക്കോട് വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്താൽ ഏറ്റവും കൂടുതൽ പടങ്ങൾ അപ് ലോഡ് ചെയ്ത സ്കൂളിന് സ്മാർട്ട് ക്ലാസ് റൂം സമ്മാനമായി നൽകും. പടങ്ങൾ അപ്ലോഡ് ചെയ്ത വിദ്യാലയങ്ങൾ ക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.